സാഹിത്യത്തിലെ ജാതിവിവേചനം; എഴുത്തച്ഛന്റെ ഇടപെടലിന് ഫലമുണ്ടായി: എം.ജി.എസ്
തിരൂര്‍: പ്രാചീന കാലം സാഹിത്യത്തില്‍ നിലനിന്ന ജാതിവിവേചനം അവസാനിപ്പിക്കാന്‍ എഴുത്തച്ഛന്‍ ഇടപെട്ടിട്ടുണ്ടെന്നും അതിന് ഫലമുണ്ടായിട്ടുണ്ടെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍. തുഞ്ചത്തെഴുത്തച്ഛന്റെ സമാധി ദിനമായ ഇന്നലെ ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച തുഞ്ചന്‍ ദിനാചരണത്തില്‍ ' തുഞ്ചത്തെഴുത്തച്ഛന്‍ സൃഷ്ടിച്ച സാംസ്‌കാരിക വിപ്ലവം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷനായി.
ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അച്യുതപിഷാരടി പുരസ്‌കാരം കോഴിക്കോട് കാശ്യ പാശ്രമത്തിന്റെ സ്ഥാപകന്‍ ആചാര്യ എം.ആര്‍ രാജേഷിന് രമേശന്‍ നായര്‍ സമര്‍പ്പിച്ചു. ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച തിരൂര്‍ ദിനേശ് എഴുതിയ മാപ്പിള ലഹള സത്യവും മിഥ്യയും, മാമാങ്കം ഐതിഹ്യവും ചരിത്രവും, വെട്ടത്തുനാട് ഐതിഹ്യവും ചരിത്രവും എന്നീ ഗ്രന്ഥങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
വെട്ടത്ത് രാജവംശത്തിലെ അംഗം മനോജ് വര്‍മ, നിര്‍മല കുട്ടികൃഷ്ണന്‍, അഡ്വ. എം. വിക്രംകുമാര്‍, ജമാല്‍ ചേന്നര, എം. ബലരാമന്‍, ഡോ. കുമാരി സുകുമാരന്‍, ലക്ഷ്മി അച്യുതന്‍, തിരൂര്‍ ദിനേശ് സംസാരിച്ചു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി.കോളേജിലെ അവസാനവര്‍ഷ നൃത്ത വിദ്യാര്‍ഥികളായ കൃഷ്ണാ ദിനേശ്, അലീഷ കൃഷ്ണ എന്നിവര്‍ രമേശന്‍ നായരുടെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ നൃത്താവിഷ്‌ക്കാരവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."