സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കരുതെന്ന്
കല്‍പ്പറ്റ: ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലെ മദ്യവില്‍പനശാലകള്‍ അടച്ചൂപൂട്ടണമെന്നും പരസ്യങ്ങള്‍ പാടില്ലെന്നുമുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും, ഇതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കരുതെന്നും മാനന്തവാടി ബീവറേജസ് ഔട്ട്‌ലൈറ്റ് വിരുദ്ധ സമര സമിതി, സമര സഹായ സമിതി, ഓള്‍ ഇന്ത്യ എസ്.സി, എസ്.ടി കോണ്‍ഫെഡറേഷന്‍, കേരളാ ആദിവാസി ഫോറം, കേരള മദ്യനിരോധന സമിതി, മാനന്തവാടി ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ എന്നീ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന ബീവറേജസ് കോര്‍പറേഷന്‍ എം.ഡിയുടെയും ബാര്‍ഹോട്ടല്‍ തൊഴിലാളി സംഘടനയുടെയും ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നത് ലക്ഷകണക്കിന് ആദിവാസി ജനവിഭാഗത്തോടും, പൊതുസമൂഹത്തോടും കാണിക്കുന്ന ക്രൂരതയാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിലൂടെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലും, മദ്യവര്‍ജനമെന്ന നയത്തിനും സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് പരസ്യമായി തെളിയിക്കലാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മാനന്തവാടിയില്‍ 328 ദിവസമായി ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം ന്യായമാണെന്ന് ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ബോധ്യപ്പെട്ടിട്ടും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന കെട്ടിട വിഭാഗം എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഔട്ട്‌ലെറ്റ് പൂട്ടാന്‍ ഉത്തരവിട്ട അന്നു തന്നെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയ മാനന്തവാടി മുനിസിപ്പാലിറ്റിക്കെതിരെ വിജിലന്‍സിലും, പൊതുസ്ഥലത്തെ മദ്യപാനം തടയാത്ത പൊലിസിനെതിരെ പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്കും, ഒരാള്‍ക്ക് നിശ്ചയിക്കപ്പെട്ട അളവിലും കൂടുതലും, കുട്ടികള്‍ കൈവശം മദ്യം നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ എക്‌സൈസ് കമ്മീഷണര്‍ക്കും എസ്.സി, എസ്.ടി കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും, മദ്യശാല വിരുദ്ധ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ ജോണ്‍ മാസ്റ്റര്‍, ഖാലിദ് പനമരം, മാക്ക പയ്യമ്പള്ളി, എന്‍ മണിയപ്പന്‍, ആലങ്ങാടന്‍ മുഹമ്മദ്, രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."