ബഹ്റൈനില്‍ ബെയിലിംഗ് മെഷീനില്‍ കുടുങ്ങി വടകര സ്വദേശി മരിച്ചു
മനാമ: ബഹ്റൈനിലെ ജോലിസ്ഥലത്തുള്ള ബെയിലിംഗ് മെഷീനില്‍ കുടുങ്ങിയ മലയാളി മരിച്ചു. കോഴിക്കോട് വടകര സ്വദേശി കടലേരി അരയാലുള്ളതില്‍ അനില്‍ കുമാര്‍ (40) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഡ്യൂട്ടിക്കിടെ ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ 12 വര്‍ഷമായി സല്‍മാബാദിലെ ബഹ്റൈന്‍ കോണ്‍ട്രാക്ട് കമ്പനിയില്‍ വര്ക്കറായാണ് അനില്‍ കുമാര്‍ ജോലി ചെയ്തിരുന്നത്.
ഉപയോഗ ശൂന്യമായ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അടുക്കുന്ന ബൈലിംഗ് മെഷീനുമായി ബന്ധപ്പെട്ടായിരുന്നു ജോലി. പതിവുപോലെ കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ കയറിയപ്പോള്‍ മെഷീന് ഓണ്‍ ആയത് അറിയാതെ കാര്‍ഡ് ബോര്‍ഡുകള്‍ അകത്തേക്ക് പ്രവേശിപ്പിക്കുന്ന ഭാഗത്തേയ്ക്ക് ഇറങ്ങിയതായിരുന്നു.
സെന്‍സര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മെഷീനില്‍ അനില്‍ കുമാര്‍ ഇറങ്ങിയത്തോടെ ഓട്ടോമാറ്റിക് ആയി മെഷീന് പ്രവര്‍ത്തിക്കുകയായിരുന്നു. അബദ്ധം മനസ്സിലാക്കി മെഷീനില്‍ നിന്ന് ചാടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ലെന്ന് ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തെ അറിയിച്ചു.
മൃതദേഹം കമ്പനിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വടകര സ്വദേശി രാജിയാണ് അനില്‍ കുമാറിന്റെ ഭാര്യ. ഏഴും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. എല്ലാവരും നാട്ടിലാണ്. പിതാവ് നാരായണന്. മാതാവ് കമലാക്ഷി. സഹോദരന് മനോജ് ബഹ്റൈനിലുണ്ട്. മറ്റൊരു സഹോദരന് സുനില്‍ നാട്ടിലാണ്.
സംഭവസ്ഥലം കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ കുറ്റ്യാടി മണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ല നതൃത്വത്തിലുള്ള കെ.എം.സിസി ബഹ്റൈന്‍ സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."