ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി സ്വദേശി പ്രജീഷ് എന്ന ബാബു (30) വിന്റെ കാരാട്ടുകടവിലെ വീട്ടില്‍ നിന്നും പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു മുഖ്യപ്രതി സുധീഷ്കുമാര്‍ എന്ന കുട്ടാപ്പുവിന്റെ ടാബും പൊലിസ് പിടിച്ചെടുത്തു. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ നേത്യത്വത്തില്‍ ഇന്നലെ രാവിലെ 11 ന് മംഗലം പുല്ലൂണിയിലെ പ്രജീഷിന്റെ വീട്ടിലും പരിസരങ്ങളിലും തെളിവെടുപ്പ് നടത്തിയാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.
ഫൈസലിനെ വധിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം പ്രജീഷും സംഘവും പ്രജീഷിന്റെ ബൈക്കില്‍ കൊടിഞ്ഞിയില്‍ പോയി പ്രദേശം നിരീക്ഷിച്ചിരുന്നു. ഈ ബൈക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിനായി പ്രജീഷിനെ കൊണ്ടുവന്നിരുന്നെങ്കിലും പൊലിസ് വാഹനത്തിന് പുറത്തിറക്കിയില്ല. പ്രജീഷിന്റെ മാതാവ്, സഹോദരന് എന്നിവരില്‍ നിന്ന് പൊലിസ് മൊഴിയെടുക്കുകയും ചെയ്തു.
അതിനിടെ, തെളിവെടുപ്പ് നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തടയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ പത്തുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."