കലയുടെ കളിയാട്ടം 'നദീതടങ്ങളില്‍'
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദികള്‍ക്കു കേരളത്തിലെ 20 നദികളുടെ പേര്. കണ്ണൂരില്‍ 2017 ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ക്കാണു നിള മുതല്‍ മയ്യഴി വരെയുള്ള നദികളുടെ പേരിട്ടിരിക്കുന്നത്. വേദികളുടെ പേരുകളുടെ പ്രഖ്യാപനവും പരിപാടികളുടെ നോട്ടിസ് പ്രകാശനവും അഡീഷനല്‍ ഡി.പി.ഐ ജെസി ജോസഫ് നിര്‍വഹിച്ചു.
കലോത്സവത്തിന്റെ പ്രധാന വേദിയായ പൊലിസ് മൈതാനിയിലെ വേദിക്കു നിളയെന്നാണ് പേര്. കലക്ടറേറ്റ് മൈതാനി (ചന്ദ്രഗിരി), ടൗണ്‍ സ്‌ക്വയര്‍ (കബനി), ജവഹര്‍ സ്റ്റേഡിയം (പമ്പ), മുന്‍സിപ്പല്‍ സ്‌കൂള്‍ (വളപട്ടണം), മുഴത്തടം ഗവ. യു.പി.എസ് (കല്ലായി), പൊലിസ് ഓഡിറ്റോറിയം (കവ്വായി), താവക്കര ഗവ. യു.പി.എസ് (കാര്യങ്കോട്), ശിക്ഷക് സദന്‍ ഓഡിറ്റോറിയം (ഭവാനി), തളാപ്പ് ഗവ. മിക്‌സഡ് യു.പി.എസ് (പല്ലന), ജവഹര്‍ ലൈബ്രറി (നെയ്യാര്‍), ഗവ. ടൗണ്‍ഹയര്‍ സെക്കന്‍ഡറി (പാമ്പാര്‍), ടൗണ്‍ ഹാള്‍ (കടലുണ്ടി), സെന്റ് മൈക്കിള്‍സ് (പെരിയാര്‍), സെന്റ് മൈക്കിള്‍സിലെ എ.ഐ.എച്ച്.എസ്.എസ് റൂം (മീനച്ചില്‍), സെന്റ് മൈക്കിള്‍സ് എ.ഐ എച്ച്.എസ്.എസ് റൂം (മണിമല), സെന്റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ് റൂം (കല്ലട), സെന്റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ് റൂം (കരമന), കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ട് (ചാലിയാര്‍), സ്റ്റേഡിയം കോര്‍ണര്‍ (മയ്യഴി) എന്നിങ്ങനെയാണ് വേദികളുടെ പേരുകള്‍.
നഗരത്തിലെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണു വേദികളെല്ലാം സജ്ജീകരിച്ചത്. സംസ്ഥാനം കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനാലാണ് സംസ്ഥാനത്തെ നദികളുടെ പേര് വേദികള്‍ക്കു നല്‍കിയതെന്നു പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ കെ.സി രാജന്‍ പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായി പൊലിസ് മൈതാനിയില്‍ കണ്ണൂരിന്റെ സമഗ്ര ചരിത്രം വിവരിക്കുന്ന എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."