ചിറയിന്‍കീഴ് അബ്ദുല്‍ ഖാദറെന്ന് വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി: റഫീഖ് അഹമ്മദ്
തിരുവനന്തപുരം: ചിറയിന്‍കീഴ് അബ്ദുല്‍ഖാദറെന്ന് വിളിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പ്രേംനസീര്‍ പോയത് നന്നായെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരേ നടക്കുന്ന സംഘ്പരിവാര്‍ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് റഫീഖ് അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
''ചിറയിന്‍കീഴ് അബ്ദുല്‍ ഖാദറേ എന്നു വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി. ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ?''- എന്നാണ് റഫീഖ് അഹമ്മദിന്റെ പോസ്റ്റ്. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എല്ലാ സിനിമകള്‍ക്കും മുന്‍പായി തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കാനുള്ള ഉത്തരവിനെ സുപ്രിംകോടതിയില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ചോദ്യം ചെയ്തിരുന്നു. ഇതില്‍ കമലിന് പങ്കുണ്ടെന്നും അദ്ദേഹം ദേശീയഗാനം ആലപിക്കുന്നതിന് എതിരാണെന്നും ആരോപിച്ച് യുവമോര്‍ച്ച രംഗത്തു വന്നിരുന്നു.
ഇതിനു പുറമെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിനെ കമാലുദ്ദീന്‍ എന്നു വിളിച്ച് പ്രകടനം നടത്തുകയും പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും കോലംകത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും കമലിനെ വര്‍ഗീയമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണവും നടത്തിയിരുന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങളുമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സംഘ്പരിവാറിന് മറുപടി നല്‍കിയിരുന്നു. കമല്‍ എന്ന വ്യക്തിയുടെ മതം തിരഞ്ഞുപിടിച്ച് അദ്ദേഹത്തെ കമാലുദ്ദീന്‍ ആക്കാന്‍ നടക്കുന്ന വര്‍ഗീയ ശ്രമങ്ങള്‍ വിജയിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."