എ.പി അസ്‌ലം പുരസ്‌കാരം ഗള്‍ഫാര്‍ മുഹമ്മദലിക്കും തെരുവോരം മുരുകനും വടകര തണലിനും
തിരുവനന്തപുരം: 2016 ലെ എ.പി അസ്‌ലം പുരസ്‌കാരം പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്കും തെരുവോരം മുരുകനും വടകര തണലിനും. ദുബായ് ഭരണാധികാരിയുടെ കൊട്ടാരം അഡ്മിനിസ്‌ട്രേറ്ററായിരുന്ന എ.പി അസ്‌ലമിന്റെ സ്മരണാര്‍ഥം ക്ഷേമ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. വ്യവസായ വാണിജ്യരംഗത്ത് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പുരസ്‌കാരത്തിനാണ് എംഫാര്‍ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗള്‍ഫാര്‍ മുഹമ്മദലിയെ തെരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള എ.പി അസ്‌ലം പ്രതിഭ പുരസ്‌കാരത്തിനാണ് തെരുവോരം എസ് മുരുകനെ തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് മികച്ച രീതിയില്‍ ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള എ.പി അസ്‌ലം അച്ചീവ്‌മെന്റ് അവാര്‍ഡിനാണ് കോഴിക്കോട് വടകരയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയെ തെരഞ്ഞെടുത്തത്. എ.പി അസ്‌ലം ചെയര്‍മാനായി ആരംഭിച്ച മലപ്പുറം കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ആനപ്പടിക്കല്‍ പുരസ്‌കാരത്തിന് കാളികാവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ബാപ്പുഹാജിയെ തെരഞ്ഞെടുത്തു. 25,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി നാലിന് വൈകിട്ട് ആറിന് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേമ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്തളം സുധാകരന്‍, ഇ.എം നജീബ്, ജി മാഹീന്‍ അബൂബക്കര്‍, ബി മണിരാജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."