ആര്‍ അശ്വിന് മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം
ദുബൈ: 2016ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്. ഐ.സി.സി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഒപ്പം 2016ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി അശ്വിന്‍ ഇരട്ട നേട്ടത്തിനു അര്‍ഹനായി. 2016ലെ തിളക്കമാര്‍ന്ന പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. നേരത്തെ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് നേട്ടത്തിലെത്തിയ മുന്‍ഗാമികള്‍. രാഹുല്‍ ദ്രാവിഡിനു ശേഷം മികച്ച താരത്തിനും മികച്ച ടെസ്റ്റ് താരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറി. 2004ലാണ് ദ്രാവിഡ് രണ്ടു പുരസ്‌കാരവും നേടിയത്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. നേരത്തെ 2004ല്‍ ദ്രാവിഡും 2009ല്‍ ഗൗതം ഗംഭീറും ഐ.സി.സിയുടെ ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിരുന്നു. മികച്ച താരത്തിനുള്ള ഗാരി സോബേഴ്‌സ് ട്രോഫിയാണ് അശ്വിനു ലഭിക്കുക.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസ് മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍മാരായ റിക്കി പോണ്ടിങ്, മൈക്കല്‍ ക്ലാര്‍ക്ക്, നിലവിലെ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്, മറ്റൊരു ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര എന്നിവരും ഒരേ വര്‍ഷം രണ്ടു പുരസ്‌കാരം നേടിയവരാണ്. രാഹുല്‍ ദ്രാവിഡ്, ഗാരി കേഴ്സ്റ്റന്‍, കുമാര്‍ സംഗക്കാര എന്നിവര്‍ ചേര്‍ന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2015 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടങ്ങളിലെ മത്സരങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.
നിലവില്‍ ടെസ്റ്റ് ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും ഒന്നാം റാങ്കിലുള്ള അശ്വിന്‍ 2015 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ എട്ടു ടെസ്റ്റുകള്‍ കളിച്ച് 48 വിക്കറ്റും 336 റണ്‍സും നേടി ഓള്‍ റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. 19 ടി20 മത്സരങ്ങളില്‍ നിന്നു 27 വിക്കറ്റുകള്‍ നേടിയ അശ്വിന്‍ 2016ല്‍ മാത്രം 12 ടെസ്റ്റുകളില്‍ നിന്നായി 72 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടെസ്റ്റില്‍ 200 വിക്കറ്റുകള്‍ നേടി ഏറ്റവും വേഗത്തില്‍ 200 ക്ലബിലെത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക് ആണ് മികച്ച ഏകദിന താരം. പുരസ്‌കാര നിര്‍ണയ കാലയളവില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് ഡി കോക്ക്. 16 മത്സരങ്ങളില്‍ നിന്നു 793 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമായും ഡി കോക്ക് മാറി. നേരത്തെ എ.ബി ഡിവില്ല്യേഴ്‌സാണ് പുരസ്‌കരം നേടിയത്.
ടി20യിലെ മികച്ച പ്രകടനമായി വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 10 പന്തില്‍ നേടിയ 34 റണ്‍സ് പ്രകടനം തിരഞ്ഞെടുത്തു. വളര്‍ന്നു വരുന്ന മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ സ്വന്തമാക്കി. പുര്‌സകാരത്തിനു അര്‍ഹനാകുന്ന ആദ്യ ബംഗ്ലാദേശ് താരമായും മുസ്താഫിസുര്‍ മാറി. ഐ.സി.സി അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡിനു അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷെഹ്‌സാദ് അര്‍ഹനായി. മികച്ച വനിതാ ക്രിക്കറ്റ് താരമായും മികച്ച വനിതാ ടി20 താരമായും ന്യൂസിലന്‍ഡിന്റെ സുസി ബെറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം പാകിസ്താന്‍ ടെസ്റ്റ് ടീം നായകന്‍ മിസ്ബ ഉള്‍ ഹഖ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ മരായിസ് ഇറാസ്മസ് ആണ് മികച്ച അംപയറിനുള്ള ഡേവിഡ് ഷെപ്പേര്‍ഡ് പുരസ്‌കാരം നേടിയത്.
ഈ വര്‍ഷത്തെ ഐ.സി.സി ടെസ്റ്റ്, ഏകദിന ലോക ടീമുകളെയും പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സ്ഥാനമില്ലാതെ പോയപ്പള്‍ അശ്വിന്‍ മാത്രം ടീമില്‍ ഇടം കണ്ട ഏക ഇന്ത്യന്‍ താരമായി. അതേസമയം ഏകദിന ടീമിന്റെ നായകനായി കോഹ്‌ലിയെ തിരഞ്ഞെടുത്തു. ഏകദിന ടീമില്‍ കോഹ്‌ലിക്ക് പുറമേ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നീ ഇന്ത്യന്‍ താരങ്ങളും ഇടം കണ്ടു. ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കാണ് ലോക ടെസ്റ്റ് ടീമിനേയും നയിക്കുന്നത്. ടെസ്റ്റ് ടീമില്‍ 12ാം താരമായി ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും ഏകദിനത്തില്‍ 12ാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും ഇടംപിടിച്ചു.
ഐ.സി.സി ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട് , ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), കെയ്ന്‍ വില്യംസന്‍ (ന്യൂസിലന്‍ഡ്), ആര്‍.അശ്വിന്‍ (ഇന്ത്യ), രങ്കണ ഹെരാത്ത് (ശ്രീലങ്ക), ഡെയ്ല്‍ സ്റ്റെയിന്‍ (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാര്‍ണര്‍, ആദം വോഗ്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവന്‍ സ്മിത്ത് (ആസ്‌ത്രേലിയ).
ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് (ആസ്‌ത്രേലിയ), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), സുനില്‍ നരെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്), ക്വിന്റന്‍ ഡി കോക്ക്, എ.ബി ഡിവില്ല്യേഴ്‌സ്, കംഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."