കോണ്‍ഗ്രസില്‍ ഇതു പുതുയുഗ പിറവി
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് കോണ്‍ഗ്രസിനുണ്ടായ രാഷ്ട്രീയപതനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. പരാജയത്തിനു പല കാരണങ്ങളുണ്ടായിരുന്നു. മറ്റെല്ലാറ്റിനേക്കാളും മുഖ്യകാരണമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയിരുത്തിയതു കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ വിപ്ലവകരമായ പല നയങ്ങളും വികസനപ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്. ഇതിനു കാരണം സംഘടനാസംവിധാനത്തിലെ പാളിച്ചയാണ്.
അടുത്തകാലത്തായി യുവതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. യൂത്ത്‌കോണ്‍ഗ്രസിലും എന്തിനേറെ കെ.എസ്.യുവിലും യുവാക്കളെ കൊണ്ടുവരുന്നതില്‍ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ മുതല്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റാന്‍ വെമ്പല്‍കൊണ്ട ഇന്ത്യന്‍ ജനത പലയിടത്തും പാര്‍ട്ടിക്കു ശക്തമായ തിരിച്ചടിയാണു നല്‍കിയത്.
ജനങ്ങള്‍ക്കിടയിലേയ്ക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇറങ്ങിച്ചെല്ലാനാവാതിരുന്നതാണ് ഈ തിരിച്ചടിക്കു കാരണം. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ അതിപ്രസരത്തില്‍ ആണ്ടുകിടക്കുകയായിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തുന്നതിനു പകരം ഗ്രൂപ്പുകളുടെ പേരില്‍ തമ്മില്‍ത്തല്ലുകയായിരുന്നു. ഇതു പാര്‍ട്ടിയില്‍ ഗുരുതരപ്രശ്‌നമാണു സൃഷ്ടിച്ചത്.
വര്‍ഗീയതയ്ക്കും ന്യൂനപക്ഷ പീഡനത്തിനുമെതിരേ ശബ്ദമുയര്‍ത്താന്‍ ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. താഴെത്തട്ടുവരെ ഈ നിഷ്‌ക്രിയത്വം പടര്‍ന്നുപിടിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുപറയാവുന്ന ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കിലും കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ അവ ഒന്നൊന്നായി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞില്ല.
മാധ്യമങ്ങളും ഇടതുപക്ഷവും ആരോപിച്ച അഴിമതി ആരോപണം ജനങ്ങള്‍ വിശ്വസിക്കുകയായിരുന്നു. ആരോപണവിധേയരെയും കളങ്കിതരെയും പൂര്‍ണമായും മാറ്റിനിര്‍ത്തി യുവാക്കള്‍ക്കും ഉജ്വലവ്യക്തിത്വമുള്ളവര്‍ക്കും മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍, സീറ്റു ലഭിച്ചവരില്‍ ഹൈക്കാമാന്‍ഡ് പോലും മാറ്റിനിര്‍ത്താന്‍ ആഗ്രഹിച്ചവരുണ്ടായി. കളങ്കരഹിതരായ, ഉന്നതവ്യക്തിത്വമുള്ള, ജനകീയരായ യുവാക്കളെ കൂട്ടത്തോടെ തഴയുകയും ചെയ്തു.
ബ.ജെ.പി, ബി.ഡി.ജെ.എസ് സഖ്യം ഉയര്‍ത്തിയ വര്‍ഗീയ അജന്‍ഡയും കേരളത്തില്‍ ഇടതുപക്ഷം രാഷ്ട്രീയലാക്കോടെ മാത്രം വഞ്ചനാപരമായി പ്രകടിപ്പിച്ച ന്യൂനപക്ഷ വര്‍ഗീയപ്രീണനങ്ങളും വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ ഫലമായി നിഷ്പക്ഷമതികളും ന്യൂനപക്ഷവും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അവര്‍ മറിച്ചൊരു വിധിയെഴുതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ടായ പരാജയത്തോടെയാണു കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന നടത്തണമെന്ന മുറവിളി ഉയര്‍ന്നത്. ബൂത്ത് തലം മുതല്‍ ഡി.സി.സി തലംവരെ പുതിയ ഭാരവാഹികള്‍ നേരത്തേ നിലവില്‍വന്നിരുന്നെങ്കിലും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ബഹുസ്വരതയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വ്യത്യസ്തകാലങ്ങളില്‍ വിഭിന്നതീരുമാനങ്ങളും ശൈലികളും കോണ്‍ഗ്രസില്‍ പതിവാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതുയുഗപ്പിറവി അനിവാര്യമായിരുന്നു.
സംഘടനാതലത്തിലും ഭരണതലത്തിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടും തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു കനത്ത തോല്‍വിയാണ്. ഈ സാഹചര്യം കണക്കിലെടുത്താണു പാര്‍ട്ടിയെ രക്ഷിക്കാന്‍ അധികാരത്തിന്റെ തലമുറമാറ്റം വേണമെന്ന മുറവിളി താഴെത്തട്ടിലുള്ള യുവാക്കളില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസില്‍ ബൂത്തുതലം മുതല്‍ കെ.പി.സി.സിവരെ മാറ്റം വേണമെന്ന ആവശ്യവുമായി അനുഭാവികള്‍ ശക്തമായി രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണു കേരളത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയും രാഷ്ട്രീയകാര്യസമിതിയ്ക്കു രൂപംനല്‍കുകയും ചെയ്തത്.
ഡി.സി.സി മുതലുള്ള ജംബോ കമ്മിറ്റികളുമായി പാര്‍ട്ടിയ്ക്കു സംഘടനാതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ കഴിയില്ലെന്ന വിലയിരുത്തലിലെത്തി രാഷ്ട്രീയകാര്യസമിതി. ഡി.സി.സി പ്രസിഡന്റുമാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമൊടുവില്‍ യുവാക്കള്‍ക്കു പരിഗണന നല്‍കി പുതിയ ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചു. പാര്‍ട്ടിക്കുള്ളിലെ പലര്‍ക്കും അഭിപ്രായവിത്യാസമുണ്ടായെങ്കിലും പൊതുസമൂഹം ഈ നടപടിയെ സ്വാഗതം ചെയ്തുവെന്നതു ശ്രദ്ധേയമാണ്. കാരണം, ഗ്രൂപ്പു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ നടത്തിയ നിയമനമാണത്. ഈ രീതി തുടര്‍ന്നാല്‍ പാര്‍ട്ടി ഗ്രൂപ്പുകള്‍ക്ക് അതീതമായ വസന്തകാലത്തിലേയ്ക്ക് എത്തിച്ചേരുമെന്നു സാധാരണപ്രവര്‍ത്തകരും വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പതിനാലു ജില്ലകളിലും അധ്യക്ഷന്മാരായതോടെ ഗ്രൂപ്പ് സമവാക്യത്തിലുള്ള നിയമനങ്ങളും ഗ്രൂപ്പുനോക്കിയുള്ള വീതംവയ്പ്പും അപ്രസക്തമായി. കൊല്ലത്ത് ബിന്ദുകൃഷ്ണയെ പ്രസിഡന്റാക്കിയതോടെ വനിതാസമൂഹത്തിനു വലിയ ചലനങ്ങളുണ്ടാക്കി. നിഷ്പക്ഷമായ നിലയില്‍ ഗ്രൂപ്പ് നേതാക്കന്മാരുടെ വീഴ്ചകളെ വിമര്‍ശിച്ചിരുന്ന പ്രതാപനെ തൃശൂര്‍ ഡി.സി.സി പ്രസിഡന്റാക്കിയതോടെ ഗ്രൂപ്പ് സമവാക്യത്തിനു തിരിച്ചടിയായി.
ഏറെ സന്തോഷകരമായ കാര്യം മുദ്രാവാക്യത്തില്‍ മാത്രമല്ല പ്രവൃത്തിയിലും കോണ്‍ഗ്രസ് മതേതരമായി ചിന്തിച്ചു തുടങ്ങിയെന്നതാണ്. ഒരു ജില്ലയില്‍ കൂടുതലുള്ള സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുന്ന പിന്തിരിപ്പന്‍ നിലപാടു തിരുത്തപ്പെട്ടു. ജാതിമതപരിഗണനകളേക്കാള്‍ വ്യക്തിയെ വിലയിരുത്തി അംഗീകരിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. ഇതിനുദാഹരണമാണ് ഇടുക്കിയില്‍ ഇബ്രാഹീംകുട്ടി കല്ലാറിനെയും, മലപ്പുറത്ത് വി.പി പ്രകാശിനെയും നിയമിച്ചത്.
14 ജില്ലകളിലും നിയോഗിക്കപ്പെട്ട ഡി.സി.സി പ്രസിഡന്റുമാര്‍ നാല്‍പതുകളോ അമ്പതുകളോ പിന്നിടാത്തവരാണ്. യുവത്വത്തിന്റെ ചൂടുംചൂരും വിടാത്ത, കര്‍മചൈതന്യത്തിന്റെ ഉച്ചിയിലാണ് ഇവര്‍. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തില്‍ പയറ്റിപ്പോരാടി മുന്നിലെത്തിയ ഇവരിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിയും ശ്രേയസ്സും. പഴയ കാളകള്‍ക്കു പുതിയ നുകംവച്ചു കൊണ്ടുള്ള ഒരു മുട്ടുശാന്തി മാറ്റമല്ലിത്. പുതിയ എഞ്ചിനും സാങ്കേതികവിദ്യയും പുതിയ സാരഥിയെയും അണിനിരത്തിക്കൊണ്ടുള്ള സമൂലനവീകരണമാണ്.
ചെങ്കുത്തായ പാറയിടുക്കുകള്‍ക്കിടയിലും ആണ്ടിറങ്ങുന്ന ചതുപ്പുകളിലും വഴിതെറ്റുന്ന മണല്‍ക്കാടുകളിലും ഒരുപോലെ പ്രസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തിയുള്ളവരെയാണ് കേന്ദ്രകോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിട്ടുള്ളത്. സമരപഥങ്ങളിലെ തീപ്പാതകള്‍ താണ്ടിയും സംഘടനാരഥ്യകളിലെ വെയില്‍ച്ചൂടു മറികടന്നും നേതൃപദവിയിലെത്തിയവരാണിവര്‍. ജനകീയസമരങ്ങളില്‍ പൊലിസിന്റെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപ്രതിയോഗികളുടെ മൃഗീയമര്‍ദനങ്ങള്‍ക്കിരയായവരുമാണിവര്‍. രാഷ്ട്രീയത്തിലെ പൂപ്പാതയും മൃദു മെത്തയും മോഹിച്ചിറങ്ങിയവരല്ലിവര്‍. മറ്റുള്ളവര്‍ക്കായി കാണാക്കുരിശുകള്‍ പേറാനും പ്രസ്ഥാനത്തിനുവേണ്ടി സ്വയംഅര്‍പ്പിക്കാനും സന്നദ്ധതയുള്ളവരാണ്.
എഴുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലുണ്ടായ പുതുയുഗപ്പിറവിക്കു സമാനമാണ് ഇപ്പോഴത്തെ തലമുറമാറ്റം. കളങ്കിതരല്ലാത്തവര്‍ക്കു മാത്രമേ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ കഴിയൂവെന്നു ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തോടെ ഹൈക്കമാന്‍ഡ് തെളിയിച്ചു കഴിഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏകകണ്ഠമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പുനഃസംഘടന. കേന്ദ്രനേതൃത്വം അടിച്ചേല്‍പ്പിച്ചതല്ല. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തായ്‌വേരും തടിയും തളിരും ഉണങ്ങിപ്പോയ കോണ്‍ഗ്രസില്‍ പുതിയ വസന്തം വിരിയിച്ചത് 1970 കളിലെ യുവനേതൃത്വമായിരുന്നു. അതുപോലൊരു തലമുറ മാറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."