യൂബര്‍ ഓട്ടോ പ്രശ്‌നം: രമ്യതയോടെ പോകാന്‍ ധാരണ
കൊച്ചി: കൊച്ചി നഗരത്തില്‍ യൂബര്‍ ടാക്‌സിമായുള്ള വിഷയത്തില്‍ രമ്യതയോടെ മുന്നോട്ടുപോകാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി.
ക്രിസ്മസ്, ഉത്‌സവകാലമായതിനാല്‍ ആയിരക്കണക്കിനു ടൂറിസ്റ്റുകള്‍ നഗരത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും. ഇവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരോടും കളക്ടര്‍ നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ ഒരുകാരണവശാലും ക്രമസമാധാനം ലംഘിക്കുന്ന രീതിയില്‍ പോകാന്‍ അനുവദിക്കരുത്. മാത്രമല്ല, യാത്രക്കാരോട് മാന്യമായി പെരുമാറുകയും ചെയ്യണം. ഇപ്പോഴുള്ള വിഷയങ്ങള്‍ രമ്യതയോടെ കണ്ടില്ലെങ്കില്‍ ടൂറിസത്തെയായിരിക്കും അത് ഏറെ ബാധിക്കുക. അങ്ങനെ വരുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ചു നിലനില്‍ക്കുന്ന നിയമപരവും അല്ലാത്തതുമായ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരും. നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കാന്‍ ഇരുകൂട്ടരും തയാറാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.യോഗത്തില്‍ എ.ഡി.എം സി. കെ. പ്രകാശ്, ആര്‍.ടി.ഒ പി. എച്ച് സാദിഖ് അലി, പൊലിസ് അസി. കമ്മീഷണര്‍മാരായ കെ. ലാല്‍ജി, എം. എ നസീര്‍ എന്നിവരും ഓട്ടോറിക്ഷാ തൊഴിലാളികളെ പ്രതിനിധാനം ചെയ്ത് വിവിധ യൂനിയന്‍ പ്രതിനിധികള്‍, യൂബര്‍ പ്രതിനിധികളായ നിതിന്‍ കെ. നായര്‍, ആതിര കെ. മേനോന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."