പ്രതീക്ഷകളുടെ ചിറകില്‍ കഴക്കൂട്ടവും ചിറയിന്‍കീഴും
കഠിനംകുളം: ഐ.ടി നഗരമായ കഴക്കൂട്ടവും കടലോര മേഖലയായ ചിറയിന്‍കീഴും പ്രതീക്ഷകളുടെ ചിറകിലാണ്. കഴക്കൂട്ടം എം.എല്‍.എ കടകംപളളി സുരേന്ദ്രന്റെ മന്ത്രി സ്ഥാനവും ചിറയിന്‍കീഴ് എം.എല്‍.എ വി.ശശിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഇരു മണ്ഡലങ്ങള്‍ക്കും പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴക്കൂട്ടം മണ്ഡലത്തിലേക്ക് മന്ത്രി സ്ഥാനം എത്തുന്നത്.30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജന് കേസിലൂടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെ.കരുണാകരന് ബദലായി എ.കെ.ആന്റണി ഇവിടെ നിന്നും ജനവിധി തേടിയാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.അതിന് ശേഷം 1991ലെ യു .ഡി. എഫ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായ സി .എം .പി യിലെ എം.വി.രാഘവനും കഴക്കൂട്ടത്ത് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് മാറി മാറി വന്ന സര്‍ക്കാരുകളുടെ മന്ത്രി സഭയില്‍ കഴക്കൂട്ടത്തിന് യാതൊരു പരിഗണയും ലഭിച്ചില്ല.കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പലവഴിക്കു നടക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ അപര്യാപ്തതകള്‍ ഏറെയാണെന്നു നാട്ടുകാര്‍ പറയുന്നു.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കോര്പറേഷന് മേയര്‍ സ്ഥാനവും കഴക്കൂട്ടത്തെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ മന്ത്രി സ്ഥാനം കൂടി ലഭിച്ചതോടെ ഇരട്ടി ലോട്ടറി അടിച്ച മട്ടിലാണ് മണ്ഡലം നിവാസികള്‍. വികസനത്തില്‍ വന്‍മുന്നേറ്റം നടക്കുമെന്ന പ്രതീക്ഷയാണ് ജനത്തിന്.
തീരദേശമേഖലയായ ചിറയിന്‍കീഴില്‍ ഇപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ മുതലപ്പൊഴി പാലമാണ് ആകെയുള്ള ആശ്വാസം.മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും ഇപ്പോഴും ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ പ്രാവിശ്യവും വി.ശശി തന്നെയായിരുന്നു എം.എല്‍.എയെങ്കിലും ഇക്കുറി വികസന പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് ജനത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."