ഡിഫ്തീരിയ ഭീതി; വെള്ളമുണ്ടയില്‍ മെഡിക്കല്‍ ക്യാംപ്
വെള്ളമുണ്ട: ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ മരിക്കുകയും ഒരാള്‍ക്ക് രോഗലക്ഷണം സംശയിക്കുകയും ചെയ്തതോടെ വെള്ളമുണ്ടയില്‍ ഡിഫ്തീരിയ ഭീതി പരക്കുന്നു. വെള്ളമുണ്ട ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജ്യോതി ആയിരുന്നു ചൊവ്വാഴ്ച മരണപ്പെട്ടത്.
ആരോഗ്യ വകുപ്പിന്റെ ഫീല്‍ഡ്‌വര്‍ക്ക് വിഭാഗത്തില്‍ സജീവമായിരുന്ന ജ്യോതിക്ക് വെള്ളമുണ്ടയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമെ വാരാമ്പറ്റ സ്വദേശിനിയായ അഞ്ചു വയസ്സുകാരിക്കാണ് ഇന്നലെ ഡിഫ്തീരിയ സംശയത്തോടെ രക്തത്തിന്റെയും തൊണ്ടയിലെ സ്രവത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ദ പരിശോധനകള്‍ക്കായി മണിപ്പാല്‍ ലാബിലേക്കയയച്ചത്. രോഗലക്ഷണത്തോടെ മരിച്ച ആരോഗ്യവകുപ്പ് ഫീല്‍ഡ് ജീവനക്കാരന്റെ പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ ഡിഫ്തീരിയ മൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണിയുടെ അധ്യക്ഷതിയല്‍ സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കുകയും വാര്‍ഡുകള്‍ തോറും ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കാനും പ്രതിരോധകുത്തിവെപ്പ് ക്യാംപുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം വെള്ളമുണ്ട ലൈബ്രറിയില്‍ പ്രതിരോധ കുത്തിവെപ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തും.
കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ ക്യാംപില്‍ എത്തിച്ച് കുത്തിവപ്പ് എടുക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. പനിയും തൊണ്ടവേദനയും ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണം. സാധാരണയായി ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് പിന്നീട് ഈ രോഗം വരാറില്ല.
മുപ്പത് വര്‍ഷത്തിന് ശേഷമാണ് ജില്ലയില്‍ ഈ രോഗലക്ഷണം കാണുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒരാള്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയിരുന്നെങ്കിലും ഇയാളുടെ സാമ്പിളുകള്‍ ശേഖരിക്കാനാകാതിരുന്നതിനാല്‍ രോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജില്ലയില്‍ ആവശ്യമായ പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ഫീല്‍ഡ് വര്‍ക്കുകള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ആരേഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാത്തതാണ് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ മരിക്കാനിടയായതെന്നും ജില്ലയില്‍ മാത്രമാണ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാതെ ജീവനക്കാര്‍ ഫീല്‍ഡില്‍ പോകേണ്ട സാഹചര്യമുള്ളതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."