വേരുകളില്‍ തീര്‍ത്ത ശില്‍പങ്ങളില്‍ കിം പുരുഷന്‍ ശ്രദ്ധ നേടുന്നു
പയ്യോളി: ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേളയിലെ സ്റ്റാളുകളില്‍ വേരുകളില്‍ തീര്‍ത്ത ശില്‍പങ്ങള്‍ ശ്രദ്ധേയമാകുന്നു. മരത്തിന്റെ വേരുകളുപയോഗിച്ച് നിര്‍മിക്കുന്ന ശില്‍പങ്ങളില്‍ 'കിം പുരുഷന്‍' ആണ് കേമന്‍. ആയനി പ്ലാവ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ ശില്‍പം മരപ്പണികള്‍ വരുന്ന ക്ഷേത്രങ്ങളിലേക്കുള്ളതാണ്. ക്ഷേത്രത്തിന്റെ മുന്‍വശത്ത് സ്ഥാപിക്കുന്ന കിം പുരുഷന് ഏറെ പ്രത്യേകതയും പുണ്യവുമുണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിദേവി ശിവനെ പ്രാര്‍ഥിച്ച് നേടിയ പുത്രനാണ് കിം പുരുഷനെന്നാണ് ഐതിഹ്യം. കിം എന്ന ഉഗ്രശബ്ദത്തോടെ ജനിച്ചതിനാല്‍ കിം പുരുഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ശിവക്ഷേത്രം ഒഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളിലും ഇത് സ്ഥാപിക്കുന്നതാണ്.
ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന മരങ്ങള്‍ ഉപയോഗിച്ച് മാത്രമേ ശില്‍പങ്ങള്‍ നിര്‍മിക്കാന്‍ കഴിയൂ. വ്യത്യസ്ത ജാതിയിലെ മരങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് നിഷിദ്ധമാണെന്നാണ് വിശ്വാസം. മേളയിലെ തെക്കുഭാഗത്തുള്ള 23 എ സെമോ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്ന വിവിധ കലാരൂപങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. കോഴിക്കോട് ചേവരമ്പലത്തിലെ ശ്രീനിലയം മണ്ണാര്‍ കുന്നുമ്മല്‍ സുനില്‍കുമാറും ബന്ധുക്കളായ ബിജിലേഷ്, ഷാജി, ഖൈജു എന്നിവര്‍ ചേര്‍ന്നാണ് ശില്‍പകലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വ്യത്യസ്ത മൃഗങ്ങളുടെ കലാരൂപങ്ങള്‍ക്കാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. റിസോര്‍ട്ടുകളിലേക്കുള്ള ഓര്‍ഡറുകളാണ് അധികവും. വലിയ മരങ്ങള്‍ മുറിക്കുന്ന സ്ഥലത്ത് പോയാണ് വേരുകള്‍ സംഘടിപ്പിക്കുന്നത്. മണ്ണില്‍ നിന്നും ജെ.സി.ബി ഉപയോഗിച്ചാണ് വേരുകള്‍ പുറത്തെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."