സ്പാനിഷ് കോപ ഡെല്‍ റേ ബാഴ്‌സക്ക്
മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേ പോരാട്ടത്തിലെ ആവേശകരമായ ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ബാഴ്‌സലോണ ചാംപ്യന്‍മാരായി. ബാഴ്‌സലോണയിലെ ഹാവിയര്‍ മഷറാനോയ്ക്കും സെവിയ്യന്‍ നിരയില്‍ എവര്‍ ബനേഗ, ഡാനിയല്‍ കാരിക്കോ എന്നീ താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ടതിനാല്‍ ആവേശം നഷ്ടപ്പെട്ട മത്സരത്തില്‍ ജോര്‍ഡി ആല്‍ബ, നെയ്മര്‍ എന്നിവരുടെ ഗോളിന്റെ മികവിലാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. ബാഴ്‌സയുടെ ചരിത്രത്തിലെ 28ാം കോപ ഡെല്‍ റേ കിരീട നേട്ടമാണിത്.
ലിവര്‍പൂളിനെ യുവേഫ യൂറോപ്പ ലീഗില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സെവിയ്യ കലാശപ്പോരിന് കളത്തിലിറങ്ങിയത്. എന്നാല്‍ അതേ മികവ് ഗോള്‍ സ്‌കോറിങില്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മറുവശത്ത് ബാഴ്‌സയും ഇതേ നിലവാരത്തിലാണ് കളിച്ചത്. ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം മികച്ചു നിന്ന ആന്ദ്രേ ഇനിയേസ്റ്റയാണ് യഥാര്‍ഥത്തില്‍ കറ്റാലന്‍ ടീമിന്റെ വിജയശില്‍പി. തുടക്കം മുതല്‍ തകര്‍പ്പന്‍ നീക്കങ്ങള്‍ നടത്തിയ ഇനിയേസ്റ്റ നിരവധി അവസരങ്ങളാണ് ഒരുക്കി കൊടുത്തത്. ആദ്യ പകുതിയില്‍ ഇനിയേസ്റ്റയുടെ മികച്ചൊരു പാസ് സുവാരസിന് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. ഇതിന് വളരെ പെട്ടെന്ന് തന്നെ മറുപടിയുമായി സെവിയ്യയെത്തി. കോക്കെയായിരുന്നു ഷോട്ട് തൊടുത്തത്. വിറ്റോളോ മികച്ച പാസ് താരത്തിന് നല്‍കിയപ്പോള്‍ ഷോട്ടിന് കൃത്യതയില്ലാതെ പോയി. ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിട്ട് 36ാം മിനുട്ടില്‍ മഷറാനോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചു. കെവിന്‍ ഗയ്‌മെറോയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പു കാര്‍ഡ്. ഇതില്‍ ഫ്രീകിക്ക് സെവിയ്യക്ക് ലഭിച്ചെങ്കിലും ബനേഗയുടെ കിക്ക് ഇത്തവണയും ലക്ഷ്യം കണ്ടില്ല. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് പ്വികെയുടെ ഹെഡ്ഡര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തുപോയി.
രണ്ടാം പകുതിയില്‍ ബാഴ്‌സയ്ക്ക് തിരിച്ചടിയേറ്റു. സുവാരസിന് മത്സരത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് കളത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ ബാഴ്‌സയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് ഗോള്‍ നേടാനൊന്നും സെവിയ്യന്‍ താരങ്ങള്‍ ശ്രമിച്ചില്ല.
രണ്ടാം പകുതിയുടെ അധിക സമയത്ത് എവര്‍ ബനേഗയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബാഴ്‌സ ആക്രമണം ശക്തമാക്കി. എന്നാല്‍ നിശ്ചിത സമയത്ത് അവര്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. അധികസമയത്ത് ജോര്‍ഡി ആല്‍ബ ടീമിന്റെ ആദ്യ ഗോള്‍ നേടി. അവസാന നിമിഷത്തില്‍ നെയ്മര്‍ കൂടി ഗോള്‍ നേടിയതോടെ ടീം വിജയം ഉറപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."