മരക്കാടി തോട് ചീഞ്ഞുനാറുന്നു
പേരാമ്പ്ര: സംസ്ഥാനപാതയില്‍ പട്ടണത്തിന്റെ പ്രധാന ഭാഗമായ മാര്‍ക്കറ്റ് പരിസരത്ത് കൂടി ഒഴുകുന്ന മരക്കാടി തോട്ടില്‍ മാലിന്യം നിറഞ്ഞ് കവിഞ്ഞതോടെ ദുര്‍ഗന്ധപൂരിതം. പരിസരത്തെ കച്ചവടക്കാരും പട്ടണത്തിലെത്തുന്ന ജനങ്ങളും മൂക്കുപൊത്തി ഓടുന്ന അവസ്ഥയാണുള്ളത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ചെമ്പ്ര റോഡ് ഭാഗത്തു നിന്നും മരക്കാടി തോട്ടിലൂടെ ഒഴുകിയെത്തുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കടകളില്‍ നിന്നും ഹോട്ടല്‍, കൂള്‍ബാര്‍, മത്സ്യ മാംസ കടകളില്‍ നിന്നും പുറത്ത് വിടുന്ന മലിനജലം ഉള്‍പ്പെടെ തോട്ടിലേക്ക് ഒഴുക്കിവിടുകയാണ്. വര്‍ഷങ്ങളായി പേരാമ്പ്രയില്‍ അനുഭവപ്പെടുന്ന മാലിന്യപ്രശ്‌നങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ പഞ്ചായത്തധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ബസ് സ്റ്റാന്‍ഡ് പരിസരം പൈതോത്ത് റോഡ് പരിസരം, മാര്‍ക്കറ്റ് പരിസരം ഭാഗങ്ങളില്‍ മരക്കാടി തോട് ഞെളിയന്‍ പറമ്പിന് സമാനമാണ്. ദുര്‍ഗന്ധം കാരണം മാര്‍ക്കറ്റ് പരിസരത്തെ തോട് എത്തുമ്പോള്‍ ജനങ്ങള്‍ മൂക്കുപൊത്തി ഓടുന്ന രംഗമാണ് കാണാന്‍ കഴിയുക. സര്‍ക്കാര്‍ പഞ്ചായത്ത് മുഖേന ഹരിതകേരളം പദ്ധതി നടപ്പാക്കുന്ന ഘട്ടത്തിലും വളരെ പ്രാധാന്യമുള്ള മരക്കാടി തോട് ശുചീകരിക്കാനോ നവീകരണത്തിന് പദ്ധതി തയാറാക്കാനോ താല്‍പര്യമെടുത്തിട്ടില്ല.
പട്ടണത്തെ ചുറ്റി ഒഴുകുന്ന മരക്കാടി തോട് നവീകരിച്ച് സംരക്ഷിച്ചാല്‍ ജനങ്ങളുടെ കുടിവെള്ള ക്ഷാമവും എരവട്ടൂര്‍, എല്‍.ഐ.സി പരിസരത്തെ ജില്ലാ സീഡ് ഫാം ഭാഗങ്ങളില്‍ ജലലഭ്യത ഉറപ്പു വരുത്താനും സാധിക്കും. എന്നാല്‍ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമായി മരക്കാടി തോട്ടില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയും ദുര്‍ഗന്ധം തീരാശാപമായി നില നില്‍ക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."