കേരളാ കോണ്‍ഗ്രസ് പോയതിന്റെ ക്ഷീണം യു.ഡി.എഫിനില്ലെന്ന് ജോഷി ഫിലിപ്പ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടത്തിന്റെ ക്ഷീണം യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഉണ്ടായിട്ടില്ലെന്നു പുതിയ ഡി.സി.സി.പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ്. എന്നും ജില്ലയില്‍ കോണ്‍ഗ്രസ് തന്നെയാണു പ്രധാനപാര്‍ട്ടി. മാണി ഗ്രൂപ്പ് മുന്നണി വിട്ടശേഷം സംഘടിപ്പിച്ച പരിപാടികളിലെ പങ്കാളിത്തം ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ശക്തിയ്ക്കനുസരിച്ച് കോണ്‍ഗ്രസിന് ജില്ലയില്‍ അര്‍ഹമായ പരിഗണന ലഭിക്കേണ്ടതാണ്.
ഡി.സി.സി. പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരുന്നത് എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ കൊണ്ടല്ല. മുന്‍ ഡി.സി.സി.പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ വേളയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇത്തവണ അദ്ദേഹത്തോട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വരാമെന്ന് ഉറപ്പു പറഞ്ഞിരുന്നില്ലെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.
പാര്‍ട്ടിയുടെ പുനസംഘടനാ വിഷയത്തില്‍ തീരുമാനം പറയേണ്ടത് എ.ഐ.സി.സി, കെ.പി.സി.സി. നേതൃത്വങ്ങളാണ്. ഇന്നു ചേരുന്ന ഡി.സി.സി. യോഗത്തില്‍ പാര്‍ട്ടിയുടെ ജില്ലയുടെ പരിപാടികള്‍ വിലയിരുത്തും. പരിസ്ഥിതിയ്ക്കു കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂയെന്ന കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ സമിതി അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കും.
നോട്ട് പ്രതിസന്ധിയും റേഷന്‍ വിതരണത്തിലെ താഴപ്പിഴകളും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ജില്ലയില്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ക്ക് പണം നല്‍കാതെ എല്‍.ഡി.എഫ്. സര്‍ക്കര്‍ വികസനത്തുടര്‍ച്ച അട്ടിമറിയ്ക്കുകയാണെന്നും ജോഷിഫിലിപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."