ചെറുപ്പക്കാരെയും സ്ത്രീകളെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള കര്‍മപരിപാടിക്ക് രൂപംനല്‍കും: ബിന്ദു കൃഷ്ണ
കൊല്ലം: പൊതുരാഷ്ട്രീയത്തില്‍ നിന്നും യുവാക്കള്‍ വിട്ടുനില്‍ക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ചെറുപ്പക്കാരെയും സ്ത്രീകളെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള കര്‍മപരിപാടിക്ക് രൂപംനല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. ജില്ലയില്‍ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതോടൊപ്പം കാലിടറി നില്ക്കുന്ന പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കുകയാണ് പ്രഥമ ലക്ഷ്യം. ഇന്നലെകളുടെ പാഠം ഉള്‍ക്കൊണ്ട് മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്ത് പാഠമാക്കി ഇന്നത്തെ വിഷയങ്ങള്‍ എല്ലാവരുമായി കൂടിയാലോചിച്ച് മാതൃകാപരമായി പരിഹരിക്കും. അതോടൊപ്പം നാളെക്കുവേണ്ടി നേതൃത്വം നല്‍കുകയെന്നതാണ് പ്രധാന കര്‍ത്തവ്യം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം മേനി കൊയ്‌തെടുക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായവും നിലപാടും ഉയര്‍ന്നുവരുന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വാഭാവികമാണ്. ഗാന്ധിജിയും നെഹ്രുവും ആശയപരമായി പലകാര്യങ്ങളിലും വ്യത്യസ്ത നിലപാടു സ്വീകരിച്ചിരുന്നുവെങ്കിലും തീരുമാനം ഏകകണഠമായിരുന്നു. എല്ലാ പ്രവര്‍ത്തകരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും.
കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നിലപാടുകളും സംസ്ഥാനത്ത് സി.പി.എമ്മിന്റെ നിഷ്‌ക്രിയ ഭരണവും സ്വജനപക്ഷപാതവും തുറന്നുകാട്ടേണ്ടത് കോണ്‍ഗ്രസാണ്. പാരിസ്ഥിതി, ശുദ്ധജലം, ടൂറിസം സംരക്ഷണം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളിലും ആഴത്തിത്തിലിടപെടുന്നതോടൊപ്പം കയര്‍, കശുവണ്ടി കര്‍ഷകര്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിന്ദു പറഞ്ഞു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന നടപടി അങ്ങേയറ്റും അപലനീയമാണ്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി അംഗീകരിക്കാനാകില്ല. കോടതികളുടെ മറ്റു കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വിഷയത്തില്‍ ചാമ്പ്യന്‍ റോളായിരുന്നു പിണറായി സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് ആവശ്യമായ സൗകര്യമൊരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. പാരിപ്പള്ളി ഇ.എസ്.ഐയെക്കുറിച്ച് ജനങ്ങളെ സി.പി.എം തെറ്റിദ്ധരിപ്പിക്കുകയാണ്. ജി.എസ് ജയലാല്‍ എം.എല്‍.എ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ജി പ്രതാപവര്‍മ്മ തമ്പാന്റെ കാലത്തു ഒന്നാംനില പൂര്‍ത്തിയായ ഡി.സി.സി കെട്ടിടത്തിന്റെ രണ്ടാം നിലയും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി ജയകൃഷ്ണന്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം പ്രസിഡന്റ് സി. വിമല്‍കുമാര്‍ ബിന്ദു കൃഷ്ണക്ക് നല്‍കി. കൃഷ്ണവേണി ശര്‍മ്മ, ഉണ്ണികൃഷ്ണന്‍, അമൃത്ദത്ത്, ഒ.ബി രാജേഷ് എന്നിവരും ഡി.സി.സി പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."