തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്.എസ്.എസ് അക്രമം
തിരൂര്‍: ഫൈസല്‍ വധക്കേസില്‍ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കൈയേറ്റവും വധഭീഷണിയും. കേസിലെ ഒന്നാംപ്രതി മംഗലം പുല്ലൂണി സ്വദേശി അജീഷ് എന്ന ബാബു (30)വിന്റെ വീട്ടില്‍ തെളിവെടുപ്പിനിടെ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
ആര്.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്നു പരുക്കേറ്റ തിരൂര്‍ തുഞ്ചന്‍വിഷന്‍ കാമറാമാന് മുഹമ്മദ് ഷബീറി (23) നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, പ്രാദേശിക ചാനല്‍ കാമറാമാന് മുഹമ്മദ് ഷബീര്‍ എന്നിവര്‍ ഫൈസല്‍ വധക്കേസിലെ ഒന്നാംപ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടക്കുന്നതറിഞ്ഞു വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ പതിനഞ്ചോളം വരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തെളിവെടുപ്പ് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതു തടഞ്ഞ് മര്‍ദിക്കുകയും ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാല്‍ വധിക്കുമെന്നും സ്ഥാപനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ കാരയില്‍ വിശ്വനാഥന് എന്നിവര്‍ ഇടപെട്ടു മാധ്യമപ്രവര്‍ത്തകരെ അക്രമികളില്‍നിന്നു രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് തിരൂരിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് തിരൂര്‍ പൊലിസില്‍ പരാതി നല്കി. മംഗലം പുല്ലൂണിയില്‍ മാസങ്ങള്‍ക്കു മുന്‍പു ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന തിരൂര്‍ വെട്ടം ചാനല്‍ കാമറാമാന് സഫീര്‍ബാബു, തുഞ്ചന്‍വിഷന്‍ കാമറാമാന് സുരേഷ് എന്നിവരെ സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടാല്‍ വീട്ടില്‍ കയറി വെട്ടുമെന്നായിരുന്നു അന്നു ഭീഷണിപ്പെടുത്തിയത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."