ഭിക്ഷാടനം നിരോധിച്ചാല്‍ പ്രശ്‌നം തീരുമോ..?
അരീക്കോട്: ഡിസംബര്‍ മാസത്തില്‍ ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രധാനമായും ചര്‍ച്ചയ്ക്കു വിധേയമാക്കിയത് യാചനയും ഭിക്ഷാടനവുമായിരുന്നു. സത്യവും അസത്യവും കലര്‍ന്നുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത സജീവമായതുകൊണ്ടാകാം വികസന കാര്യങ്ങള്‍ക്കു പകരം യാചകരെ തുടച്ചുനീക്കാനുള്ള യജ്ഞത്തില്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
പകല്‍ സമയങ്ങളില്‍വരെ വീടുകളിലും കടകളിലും മോഷണം പതിവായെന്നും ലഹരി മാഫിയ പിടിമുറുക്കിയെന്നും സംസാര വിഷയമായപ്പോഴും ആരോപണങ്ങളുടെ വിരല്‍ചൂണ്ടിയതു ഭിക്ഷക്കാരിലേക്കു തന്നെയായിരുന്നു. ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ മുന്നിലുള്ളപ്പോള്‍ യാചകമുക്ത പഞ്ചായത്തുകള്‍ എന്ന പദ്ധതിയെ കുറ്റം പറയാനുമാകില്ല. എന്നാല്‍, യാചകര്‍ എല്ലാവരും ഇത്തരക്കാരാണോ?, വീടുകളില്‍ കയറിയിറങ്ങുന്നത് യാചകര്‍ മാത്രമാണോ.. ഈ രണ്ടു ചോദ്യങ്ങളും പ്രസക്തമാണ്.
ഒരു നേരത്തെ അന്നത്തിനായി അഭിമാനം മറന്നു കൈകള്‍നീട്ടുന്നവനെ ഭിക്ഷാടന മാഫിയയുടെ കണ്ണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വീടുകള്‍ കയറിയിറങ്ങി വ്യാപാരം നടത്തുന്നവരെയടക്കം ഇത്തരത്തില്‍ വീക്ഷിക്കാനുമാകില്ല. ഇവരില്‍ ചിലരെങ്കിലും ക്രിമിനല്‍ സ്വഭാവമുള്ളവരാണെങ്കിലും..
ദിനേന വിവിധ വസ്തുക്കളുമായി വീടുകള്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന അന്യസംസ്ഥാനക്കാര്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമുണ്ട്. മലയാളികളായ കച്ചവടക്കാരുടെ ഇടനിലക്കാരായാണ് മിക്ക അന്യസംസ്ഥാന കച്ചവടക്കാരും വ്യാപാരം നടത്തുന്നത്. തുച്ഛമായ കൂലി മാത്രം ലഭിക്കുന്ന ഇവരെയും മിക്ക പഞ്ചായത്തുകളും ഭിക്ഷാടന മാഫിയയുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തുകള്‍ക്കു കീഴില്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസുകളിലും ഇവരെക്കുറിച്ചു തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്.
യാചകമുക്ത പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പഞ്ചായത്ത് പരിധിയിലെ എല്ലാ കവലകളിലും പോസ്റ്റര്‍ പ്രചാരണവും സോഷ്യല്‍ മീഡിയയല്‍ കഥകളും പ്രചരിച്ചുതുടങ്ങിയതോടെ ജോലി അവസാനിപ്പിച്ചു സ്വദേശത്തേക്കു മടങ്ങിയവരുമുണ്ട്. ജനുവരി ഒന്നിനു മുന്‍പായി സമ്പൂര്‍ണ യാചകമുക്ത കേന്ദ്രമാക്കി മാറ്റാന്‍ പഞ്ചായത്തുകള്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ മറവില്‍ അന്യസംസ്ഥാന കച്ചവടക്കാര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നതു കാരണം വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നതെന്നും അധ്വാനിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും ഭിക്ഷാടന മാഫിയയുടെ ഗണത്തില്‍ തങ്ങളെ ഉള്‍പ്പെടുത്തരുതെന്നും അന്യസംസ്ഥാന കച്ചവടക്കാര്‍ പറയുന്നു.
ഭിക്ഷാടനമുക്ത പഞ്ചായത്തുകളും ഗ്രാമങ്ങളും സൃഷ്ടിക്കാനുള്ള അധികൃതരുടെ മത്സരങ്ങള്‍ക്കിടയില്‍ ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നു.
പുനരധിവാസം സാധ്യമാക്കണം: അന്‍വര്‍ മുള്ളമ്പാറ
(യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ്)
ഭിക്ഷാടനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല. പക്ഷേ, ഇന്നു പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും നടപ്പിലാക്കുന്ന യാചകമുക്ത പ്രഖ്യാപന മത്സരങ്ങള്‍ വലിയ പ്രത്യാഘാതം വരുത്തിവയ്ക്കും. യാചകരില്‍ ക്രിമിനലുകള്‍ ഉണ്ടെന്നതാണു നിരോധനത്തിനു കാരണമെങ്കില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത, ജോലിയെടുക്കാന്‍ ആരോഗ്യമില്ലാത്ത നിരാലംബരായ ആളുകള്‍, രോഗികള്‍ തുടങ്ങിയ വിഭാഗങ്ങളെ പുനരധിവസിപ്പിച്ചിട്ടു പോരെ നിരോധന പ്രഖ്യാപനങ്ങള്‍. യാചകരെ നിരോധിക്കാനും അക്രമിക്കാനും ക്ലബുകള്‍ക്ക് ആരാണ് അനുമതി നല്‍കിയത്?.
നിരോധന പ്രഖ്യാപനങ്ങളുടെ മറവില്‍ കൊള്ളരുതായ്മകള്‍ നടമാടുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ സര്‍ക്കാറുകള്‍ നയം വ്യക്തമാക്കണം. പുനരധിവാസ പാക്കേജുകളില്ലാതെ യാചക നിരോധനം ആവേശമായിക്കണ്ടാല്‍ തെരുവുകളില്‍ വിശപ്പിന്റെ നിലവിളികള്‍ ഉയരും. അന്നംകിട്ടാതെ മരിച്ച യാചകരുടെ ശവങ്ങള്‍ നമ്മുടെ കണ്‍മുന്നിലെത്തും. നിരോധനത്തിനു പകരം നിയന്ത്രണമേര്‍പ്പെടുത്തുകയും അതോടൊപ്പം പുനരധിവാസം നടപ്പാക്കുകയും ചെയ്യട്ടെ.
സംസ്ഥാന സര്‍ക്കാര്‍ കര്‍മപദ്ധതി തയാറാക്കണം: അബ്ദുള്ള നവാസ്
(ഡി.വൈ.എഫ്.ഐ ജില്ലാ ജനറല്‍ സെക്രട്ടറി)
രാജ്യത്തു ഭിക്ഷാടന മാഫിയ സജീവമാണെന്നതു വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകലും ഭിക്ഷാടന മാഫിയയുടെ പീഡന കഥകളും മാധ്യങ്ങള്‍ നിരന്തരം എഴുതുകയും ചെയ്യുമ്പോള്‍ യാചകമുക്ത പഞ്ചായത്തുകള്‍ സൃഷ്ടിക്കാന്‍ യോഗം ചേരുന്ന പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനൊക്കില്ല.
പട്ടിണി മരണങ്ങളും തൊഴിലില്ലായ്മയും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാകുമ്പോള്‍ യാചകമുക്ത നിരോധനമെന്നത് ഒറ്റമൂലിയായി കാണാനുമാകില്ല. നിരോധനം പരിഹാര മാര്‍ഗമല്ല. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തകളെ എഴുതിത്തള്ളാനാകില്ല. അത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ വാര്‍ത്തയില്‍ കാണിക്കുന്ന ജാഗ്രതക്കുറവ് പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും നിരോധന പ്രഖ്യാപന വഴിയിലേക്കു നടത്തിച്ചു എന്നതാണു സത്യം. യാചന നിരോധിക്കുന്നതിനു പകരമായി സംസ്ഥാന സര്‍ക്കാര്‍ യാചകര്‍ക്കായി പുതിയ പാക്കേജുകള്‍ തയാറാക്കട്ടെ.
ഭിക്ഷാടന മാഫിയയെയും ഭിക്ഷക്കാരെയും രണ്ടായി കണ്ടാല്‍ പ്രശ്‌നങ്ങളുടെ സങ്കീര്‍ണതയും നിരോധന പഞ്ചായത്തുകളുടെ എണ്ണവും കുറയും.
എലിയെ പേടിച്ച് ഇല്ലം ചുടരുത്: കെ.പി നൗഷാദ് അലി
(ഡി.സി.സി ജനറല്‍ സെക്രട്ടറി)
യാചകനിരോധനം എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു സമാനമാണ്. യാചക വേഷമണിഞ്ഞ കൊടും ക്രിമിനലുകളെയും സാമൂഹ്യവിരുദ്ധരേയും കര്‍ശനമായി നേരിടണമെന്നതില്‍ രണ്ടഭിപ്രായമില്ല. ഗോവിന്ദച്ചാമിയെ പോലെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘം എന്ന നിലയ്ക്ക് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണു.
എന്നാല്‍ സമൂഹത്തിന്റെ അലിവുതേടി സംഗീത വാദ്യോപകരണങ്ങളുമായി സഹൃദയരെ സമീപിക്കുന്നവരെയടക്കം പടിക്കു പുറത്തുനിര്‍ത്തണമെന്ന ചര്‍ച്ചകളും തീരുമാനങ്ങളും അംഗീകരിക്കാനാകില്ല. ഊരും പേരുമില്ലാതെ ഭിക്ഷാടന മാഫിയയുടെ പ്രതിനിധികളായി നാടുകളിലെത്തി അക്രമങ്ങളും മോഷണങ്ങളും പതിവാക്കുന്നവരെ കണ്ടെത്തുന്നതിനു പകരമായി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ആരെയൊക്കെയൊ തൃപ്തിപ്പെടുത്താനാണ്. തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ കാടടച്ചു വെടിവയ്ക്കുന്ന രീതിയില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."