പൊന്നാനിയെ ശ്വാനസൗഹൃദ നഗരസഭയാക്കുന്ന പദ്ധതി അനിശ്ചിതമായി നീളുന്നു
പൊന്നാനി: പൊന്നാനിയെ ശ്വാന സൗഹൃദ നഗരസഭയാക്കി മാറ്റുന്ന പദ്ധതി ഇനിയും തുടങ്ങാനായില്ല. പദ്ധതിയുടെ ഉദ്ഘാടനം 19 ന് നടക്കുമെന്നാണ് നഗരസഭ നേരത്തേ അറിയിച്ചിരുന്നത് .
തെരുവുനായാശല്യം കൊണ്ട് പൊറുതിമുട്ടിയ പൊന്നാനിയില്‍ നായകളുടെ വന്ധ്യംകരണത്തിനാണ് പുതിയ യൂനിറ്റ് സ്ഥാപിച്ച് പദ്ധതിയൊരുക്കുന്നത് . ഇതോടെ പൊന്നാനി ശ്വാന സൗഹൃദ നഗരമാകുമെന്നാണ് നഗരസഭ അവകാശപ്പെട്ടിരുന്നത് . നായകളെ പിടികൂടാന്‍ ടെണ്ടര്‍ എടുത്തവര്‍ക്കുള്ള താമസസ്ഥലത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് പദ്ധതിയുടെ ഉദ്ഘാടനം നീളാന്‍ കാരണം .നിലവില്‍ തെരുവുനായകളെ വന്ധ്യംകരണം നടത്താന്‍ ജില്ലയില്‍ കാര്യമായ ഷെല്‍ട്ടറോ യൂനിറ്റോ ഇല്ല .
പൊന്നാനിയില്‍ യൂനിറ്റ് സ്ഥാപിക്കുന്നതോടെ വന്ധ്യംകരണം നടത്താനും കുത്തിവെപ്പ് എടുപ്പിക്കുവാനും നിഷ്പ്രയാസം കഴിയും . കര്‍ണാടക ,തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള ഏജന്‍സികളാണ് ഇതുവരെ ഇത് ചെയ്തിരുന്നത് . പൊന്നാനി നഗരസഭയിലെ ഈശ്വരമംഗലത്താണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ കിഴില്‍ ഒരേക്കര്‍ സ്ഥലത്ത് വന്ധ്യംകരണ യൂനിറ്റ് ആരംഭിക്കുക . ഇതിനായി ജില്ലാപഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ട് .
പത്രപ്പരസ്യങ്ങള്‍ മുഖേന ക്വട്ടേഷന്‍ ക്ഷണിച്ചാണ് ഉചിതമായ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കുക. തെരുവുനായകളെ കണ്ടെത്തി പിടികൂടല്‍ , വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം , മുറിവ് ഉണങ്ങുന്ന മുറക്ക് പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ട് വിടല്‍ തുടങ്ങിയവയാണ് ഏജന്‍സി ചെയ്യുക .ആസൂത്രണമില്ലാതെ പദ്ധതി നടപ്പിലാക്കാനുള്ള നഗരസഭാ ഭരണസമിതിയുടെ ശ്രമമാണ് ഉദ്ഘാടനം പാളിപ്പോകാന്‍ കാരണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തുന്നു .
കഴിഞ്ഞ ഭരണസമിതി കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തെരുവുനായകളെ പിടികൂടി കൊന്നതിന് ചീത്തപ്പേര് കിട്ടിയ പൊന്നാനി നഗരസഭ ആ പേര് ദോഷം മാറ്റാനാണ് ഈ പദ്ധതി തുടങ്ങുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."