മാവോയിസ്റ്റ് സാന്നിധ്യം: ഉള്‍ക്കാടുകളില്‍ വീണ്ടും സായുധസേനയുടെ പരിശോധന
കാളികാവ്: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും താവളമുറപ്പിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നു പൊലിസ് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ ഉള്‍ക്കാടുകളിലാണ് പരിശോധന നടത്തുന്നത്.
മാവോയിസ്റ്റുകള്‍ കടന്നുപോകാന്‍ സാധ്യതയുള്ള കാട്ടുപാതകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ആദിവാസികളുടെ പിന്തുണകൂടി മാവോയിസ്റ്റുകള്‍ക്കുണ്ടെന്നു വ്യക്തമായതോടെ കോളനികളില്‍നിന്നു വിവരം ലഭിക്കാനുള്ള സാധ്യത കുറവാണ്. പുല്ലങ്കോട് ചേനപ്പാടി മലവാരത്തില്‍ മാവോയിസ്റ്റുകളെന്നു തോന്നിപ്പിക്കുന്ന രണ്ടുപേരെ തോട്ടം തൊഴിലാളികള്‍ കണ്ടിരുന്നു. ഈ സംഭവത്തെ ഗൗരവത്തിലാണ് പൊലിസ് കാണുന്നത്.
ചേനപ്പാടി മലവാരത്തിന്റെ മുകള്‍ ഭാഗംകൂടി ഉള്‍പ്പെടുത്തിയാണ് സായുധരായ തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ തിരച്ചിലിനു കയറിയ തണ്ടര്‍ ബോള്‍ട്ട് സംഘം രാത്രിയും കാട്ടില്‍ കഴിച്ചുകൂട്ടി. കാട്ടുപാതയുള്ള ഭാഗത്താണ് സംഘം തമ്പടിച്ചത്. രാത്രിയിലെങ്ങാനും കാട്ടുപാതയിലൂടെ അപരിചതര്‍ നീങ്ങുന്നുണ്ടോയെന്നാണ് അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. ബുധനാഴ്ചയാണ് തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടില്‍നിന്നിറങ്ങിയത്.
നാല്‍പത് സെന്റ് കോളനി, ടി.കെ കോളനി എന്നിവിടങ്ങളിലൂടെ രണ്ടു സംഘങ്ങളായിട്ടാണ് തണ്ടര്‍ബോള്‍ട്ട് കാട്ടിലേക്കു നീങ്ങിയത്. ചിങ്കക്കല്ല് കോളനിയോടു ചേര്‍ന്നുള്ള സൈലന്റ് വാലി ബഫര്‍ സോണ്‍ ഔട്ട്ഹൗസും സംഘം സന്ദര്‍ശിച്ചു. വള്ളിപ്പൂള, അടയ്ക്കാകുണ്ട് മലവാരത്തിലൂടെ നീലഗിരി മലവാരത്തിലേക്കുകൂടി സഞ്ചാരമാര്‍ഗമുണ്ട്. കരുളായി വനത്തിലെ ഏറ്റുമുട്ടലിനു ശേഷം മാവോയിസ്റ്റുകള്‍ നാട്ടിലേക്കിറങ്ങാന്‍ സാധ്യതയില്ലെന്നാണ് പൊലിസ് കണക്കുകൂട്ടുന്നത്. ആദിവാസികളുടെ സഹായം ലഭിച്ചാലും ഒരേസ്ഥലത്ത് വനത്തില്‍ അധികം നില്‍ക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് എതിര്‍ദിശയില്‍ തിരച്ചില്‍ നടത്തിയത്.
രണ്ടു ദിവസം നടത്തിയ തിരച്ചിലില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തണ്ടര്‍ ബോള്‍ട്ടിനു പുറമേ പ്രത്യേക പരിശീലനം നേടിയ വിവിധ ഭാഗങ്ങളിലുള്ള പൊലിസുകാരാണ് തിരച്ചിലിനു നേതൃത്വം നല്‍കുന്നത്. ആയുധങ്ങള്‍ക്കു പുറമേ രണ്ടുമൂന്നു ദിവസം കഴിച്ചുകൂട്ടാനുള്ള ഭക്ഷണവും സംഘം കരുതുന്നുണ്ട്. ആയുധമില്ലാത്തതിനാല്‍ വനപാലകരുടെ സഹായം വേണ്ടെന്നുവച്ചിട്ടുണ്ട്.
മലയോരത്തു തണുപ്പ് കൂടുതലാണ്. പ്രതികൂല കാലാവസ്ഥയിലും മാവോയിസ്റ്റുകളെ നേരിടാനാണ് പൊലിസിന്റെ തീരുമാനം. തണ്ടര്‍ ബോള്‍ട്ടിനെ സംഘങ്ങളായി തിരിച്ച് ഉള്‍ക്കാടുകളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."