മണ്ണാര്‍ക്കാട്: ആരോപണങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ശംസുദീനെ തോല്‍പ്പിക്കും എന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ ആഹ്വാനത്തെ മണ്ഡലത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് 12325 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയതിന്റെ പേരില്‍ പ്രതിരോധത്തിലായി. അതിന്റെ ജാള്യത മറച്ചു വയ്ക്കാന്‍ ഇല്ലാത്ത ലീഗ് ബി.ജെ.പി ബന്ധം ആരോപിക്കാനുള്ള നീക്കത്തെ കണക്കുകളുടെ പിന്‍ബലത്തില്‍ സോഷ്യല്‍ മീഡിയ ഇല്ലാതാക്കി. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 5655 വോട്ടുകള്‍ നേടിയ ബി. ജെ. പി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10170 വോട്ടുകള്‍ നേടി ഏതാണ്ട് വോട്ടുകള്‍ ഇരട്ടിയോളം ആക്കിയിട്ടും ബി. ജെ. പി ബന്ധം ആരോപിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് കണക്കുകളുടെ പിന്‍ബലത്തോടെ തെളിയിക്കപ്പെട്ടു.
പാലക്കാട് ജില്ലയില്‍ എല്ലായിടത്തും ബി. ജെ. പി വോട്ടുകള്‍ 30000 ല്‍ അധികമുണ്ടായിട്ടും മണ്ണാര്‍ക്കാട് മാത്രം 10170 ല്‍ ഒതുങ്ങിയത് വോട്ടു മറിച്ചതിന്റെ തെളിവാണെന്ന് ആയിരുന്നു അടുത്ത ആരോപണം. മുസ്‌ലിം , ക്രിസ്ത്യന്‍ , ഹിന്ദു വോട്ടുകള്‍ ഒരു പോലെ നിര്‍ണായകമായ മണ്ഡലത്തില്‍ മുസ്‌ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ മൊത്തമായി എടുത്താല്‍ ജനസംഖ്യയുടെ പകുതിയില്‍ അധികം വരും. ശേഷിക്കുന്ന ജനവിഭാഗത്തില്‍ ഏതാണ്ട് 20 ശതമാനത്തോളം വരുന്ന ആദിവാസി ജനസമൂഹത്തിലും ബി. ജെ. പിക്ക് കാര്യമായ വേരോട്ടമില്ല. ഇത്രയും സവിശേഷതകള്‍ ഉള്ള ഒരു മണ്ഡലത്തെ മറ്റു മണ്ഡലങ്ങളുമായി താരത്യമ്യം ചെയ്യുന്നതു പോലും യുക്തിശൂന്യമാണെന്നും 5655 ല്‍ നിന്നും 10170 ലേക്ക് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ബി. ജെ. പിക്ക് കഴിഞ്ഞത് തന്നെ അവരുടെ വോട്ടുകള്‍ ആനുപാതികമായി വര്‍ദ്ധിച്ചതിന്റെ സൂചനആണെന്ന് വ്യക്തമാണ്.
പാലക്കാട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബി. ജെ. പിക്ക് 30000 ല്‍ അധികം വോട്ടുകള്‍ കിട്ടി എന്ന നുണപ്രചാരണവും പാളിപ്പോയി.തൃത്താല , പട്ടാമ്പി, ചിറ്റൂര്‍ മണ്ഡലങ്ങളിലെല്ലാം ബി. ജെ. പി വോട്ടുകള്‍ 15000 ല്‍ താഴെ മാത്രമാണ്. സാങ്കേതികമായി മണ്ണാര്‍ക്കാട് പാലക്കാട് ജില്ലയില്‍ ആണെങ്കിലും സമീപ ജില്ലയായ മലപ്പുറത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ സവിശേഷതകള്‍ സ്വാംശീകരിച്ച ഭൂപ്രദേശമാണ്. മണ്ണാര്‍ക്കാടിന്റെ തൊട്ടടുത്ത മണ്ഡലങ്ങളായ പെരിന്തല്‍മണ്ണയിലും മങ്കടയിലും ഒക്കെ ബി. ജെ. പി വോട്ടുകള്‍ ആറായിരത്തോളം മാത്രമാണ്. ഇക്കാര്യങ്ങള്‍ എല്ലാം മറച്ചുവച്ച് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തി കൊണ്ട് തങ്ങളുടെ പരാജയം മറച്ചു വയ്ക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിന്റെ മനോ വിഷമത്തിലാണ് കാന്തപുരം വിഭാഗം.കാന്തപുരം വിഭാഗത്തിന്റെ മഹല്ലുകളും സംസ്ഥാന നേതാക്കളുമുള്ള കോട്ടോപ്പാടം അലന്നല്ലൂര്‍ കുമരംപുത്തൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗര സഭയിലും ലീഗിന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനായത് മറച്ചു വെയ്ക്കാന്‍ വേണ്ടിയാണ് ഈ വ്യാജപ്രചാരണം നടത്തിയത്. ഈ ഭാഗങ്ങളില്‍ എവിടെയും ബി. ജെ .പിക്ക് വോട്ടു ചോര്‍ച്ച ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നസറുദ്ദീന്‍
മണ്ണാര്‍ക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."