മഴ കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് ദുരിതം
കുഴല്‍മന്ദം: കുഴല്‍മന്ദം നെല്ലറയില്‍ നിന്നും കര്‍ഷകവിലാപം ഉയരുന്നു. പതിനായിരക്കണക്കിനു ഏക്കര്‍ നെല്‍കൃഷി ഉണങ്ങിത്തുടങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടം. ഇനി മഴ ലഭിച്ചാലും ഉണങ്ങിത്തുടങ്ങിയ നെല്‍ചെടികള്‍ തളിര്‍ക്കുകയില്ലെന്നും ഉറപ്പാണ്. കൃഷിനാശം നേരിട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. കടം വാങ്ങിയും പലിശയ്‌ക്കെടുത്തും നെല്‍കൃഷി നടത്തിയ കര്‍ഷകര്‍ക്ക് മഴ ചതിച്ചതാണ് തിരിച്ചടിയായത്. കിണറുകളില്‍നിന്ന് ജലാശയങ്ങളില്‍ നിന്നുമെല്ലാം സാഹസപ്പെട്ട് വെള്ളമെത്തിച്ച് വിള നശിക്കാതിരിക്കാന്‍ ആകുന്നതെല്ലാം ചെയ്തുവെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
അനുഷ്ഠാനം പോലെ ലാഭനഷ്ടകണക്കുകള്‍ നോക്കാതെ നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനം സമ്മാനിക്കുന്നത് ഭീമമായ നഷ്ടമാണ്. ജലസംഭരണികളില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതും യഥാസമയം കനാലുകള്‍ വഴി വെള്ളം തുറന്നുവിടാന്‍ കഴിയാതിരുന്നതും വിളനാശത്തിനു കാരണമായി. ഓരോദിവസവും കൃഷിഭൂമിയിലെത്തി ഉണങ്ങുന്ന വിളനോക്കി ഹൃദയം തകരുന്ന വേദനയോടെയാണ് കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നത്.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, മണ്ണാര്‍ക്കാട്, കോങ്ങാട്, മങ്കര മേഖലകളിലെല്ലാം കൃഷി ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാന്‍ മാത്രമേ കര്‍ഷകര്‍ക്കു കഴിയുന്നുള്ളു. നിലമൊരുക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമെല്ലാമായി ഇതിനകം നല്ലൊരു തുക ഓരോ കര്‍ഷകനും ചെലവായി കഴിഞ്ഞു. ഈ തുക പലരും കണ്ടെത്തിയത് കടം വാങ്ങിയാണ്.
വിളനാശം നേരിട്ടതോടെ ഇത്തവണ ജില്ലയില്‍ നെല്ലുല്‍പാദനം ഗണ്യമായി ചുരുങ്ങുമെന്ന് ഉറപ്പാണ്. ഇത് ഭക്ഷ്യസംവിധാനത്തെയും കാര്യമായി ബാധിക്കും. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."