എരുമപ്പെട്ടി സാമൂഹിക ആരോഗ്യകേന്ദ്രം നാശത്തിന്റെ വക്കില്‍
എരുമപ്പെട്ടി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എരുമപ്പെട്ടി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം നാശത്തിന്റെ വക്കില്‍. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനായി അരനൂറ്റാണ്ട് മുന്‍പ് ആരോഗ്യ വകുപ്പ് നിര്‍മിച്ച കെട്ടിടമാണ് അധികൃതരുടെ അവഗണനമൂലം നശിക്കുന്നത്. എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിന് സമീപമുള്ള കെട്ടിടം ഇപ്പോള്‍ കാടുപിടിച്ച് ശോച്യാവസ്ഥയില്‍ ആയിരിക്കുകയാണ്. വാതിലുകള്‍ ചിതലരിച്ച് തകര്‍ന്നതിനാല്‍ അടച്ചുറപ്പില്ലാത്ത കെട്ടിടം രാത്രികാലങ്ങളില്‍
സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആശുപത്രി സൂപ്രണ്ടായി സേവനം അനുഷ്ടിച്ചിരുന്ന ഡോ.സിദ്ധാര്‍ത്ഥനും കുടുംബവും 1980 മുതല്‍ 20 വര്‍ഷത്തോളം ഈ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ച് ചികിത്സ നടത്തിയിരുന്നത്. ആശുപത്രിക്ക് സമീപം താമസിക്കാന്‍ സൗകര്യം ലഭിച്ചിരുന്നതിനാല്‍ രോഗികള്‍ക്ക് രണ്ട് നേരവും മികച്ച ചികിത്സ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എന്നാല്‍ ഡോ.സിദ്ധാര്‍ത്ഥന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം സ്വന്തമായി വീട് നിര്‍മിച്ച് താമസം മാറ്റിയതോടെ ഈ കെട്ടിടം അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന കെട്ടിടം ഇപ്പോള്‍ താമസയോഗ്യമല്ലാതാണ്. പിന്നീടുവന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഉച്ചക്ക് ശേഷമുള്ള പരിശോധനയും ചികിത്സയും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പിന്നീട് ഇത് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളുടെ നവീകരണത്തിനും പുതിയ ഒ.പി കെട്ടിടത്തിലേക്കുള്ള വഴിയില്‍ ടൈല്‍സ് വിരിക്കുന്നതിനുമായി വകമാറ്റി ചിലവഴിച്ചതായും ആരോപണമുയര്‍ന്നിരുന്നു.
നാശത്തിന്റെ വക്കിലെത്തിയ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള കെട്ടിടം അറ്റകുറ്റപണികള്‍ നടത്തി താമസയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."