വി.എസ് അവശനെന്ന് പാര്‍ട്ടി; ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച വി.എസ്.അച്യുതാനന്ദന്‍ അവശനെന്നു പാര്‍ട്ടി വിലയിരുത്തല്‍. ഓരോ മണ്ഡലങ്ങളിലും വി.എസിന് പ്രസംഗിക്കാനായി പാര്‍ട്ടി നിശ്ചയിച്ചിരുന്നത് 15 മിനുട്ട് മാത്രമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പ്രസംഗം നടത്തി വി.എസ് തന്നെയാണു പാര്‍ട്ടി നിര്‍ദേശം തെറ്റിച്ചത്. ഇതോടെ അദ്ദേഹം ക്ഷീണിതനായെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നു.
പ്രചാരണത്തിനു നിശ്ചയിച്ച മണ്ഡലങ്ങള്‍ക്കു പുറമേ പലയിടത്തും വി.എസ് പ്രസംഗിക്കാനെത്തിയിരുന്നു. പരമാവധി 20 മിനുട്ടില്‍ കൂടുതല്‍ സംസാരിക്കരുതെന്നു കര്‍ശനിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വിജയം ഉറപ്പിക്കുന്നതിന്റെ ആവശ്യകത മനസിലാക്കി വി.എസ് കത്തിക്കയറുകയായിരുന്നു. പ്രായാധിക്യത്തിന്റെ പേരില്‍ സജീവ പ്രവര്‍ത്തനം നിര്‍ത്തുന്നതിന്റെ ആദ്യപടിയായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.എസിന് 'ഫിഡല്‍ കാസ്‌ട്രോ' സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്കു വിലപ്പെട്ട ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയെന്നതാണ് അദ്ദേഹത്തിന്റെ കടമ.
എന്നാല്‍ വി.എസിന്റെ ഘടകം ഏതാണെന്നോ, സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള മടക്കമോ ജനറല്‍ സെക്രട്ടറി മിണ്ടിയില്ല. എം.എല്‍.എ സ്ഥാനത്തിനപ്പുറം വി.എസിന് മറ്റെന്തു നല്‍കുമെന്നതു പാര്‍ട്ടിക്കും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
മന്ത്രിസഭയെ പൂര്‍ണമായി ഭരിക്കാന്‍ കഴിയാത്തതും പാര്‍ട്ടിക്കു മുകളില്‍ പോകാത്തതും എന്നാല്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്നു തോന്നിപ്പിക്കുന്നതുമായ പദവിയാണു വി.എസിനെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പേ പിണക്കിയാല്‍ പാര്‍ട്ടിവിരുദ്ധ മനോഭാവത്തോടെ വി.എസ് പെരുമാറുമെന്ന മുന്‍വിധി നേതാക്കള്‍ക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ വി.എസ് മുന്നില്‍ നില്‍ക്കേണ്ടത് പാര്‍ട്ടിക്ക് അത്യാവശ്യമായിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയില്‍പ്പോലും സംസ്ഥാന കമ്മിറ്റി വെട്ടിയ വി.എസിന്റെ പേര് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇടപെട്ടാണ് ഉള്‍പ്പെടുത്തിയത്. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാനുള്ള സംഘബലവും സംസ്ഥാന കമ്മിറ്റിയില്‍ വി.എസിന് നഷ്ടപ്പെട്ടു.
ഒരു വട്ടം മുഖ്യമന്ത്രിയായ വി.എസ് ഇനി വിശ്രമിക്കണമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിക്കുള്ള ജനപിന്തുണ ഇല്ലാതാക്കുന്ന പ്രവൃത്തികള്‍ നേതാക്കളില്‍ നിന്നുമുണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും തെരഞ്ഞെടുപ്പിനു മുന്‍പ് ജനറല്‍ സെക്രട്ടറി അറിയിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യകാര്‍മികത്വം വി.എസിനു നല്‍കിയത്. തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നു വി.എസ് കഴിഞ്ഞദിവസം ഒരുകൂട്ടം യുവാക്കളുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞിരുന്നു. ഇന്നലെ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പി.സി ജോര്‍ജ് വി.എസിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടും ഇക്കാര്യം ആവര്‍ത്തിച്ചു. വി.എസ് ഇപ്പോഴും ചെറുപ്പക്കാരെപ്പോലെ ചുറുചുറുക്കോടെയാണിരിക്കുന്നത്. അദ്ദേഹം അവശനാണെന്നു പറഞ്ഞു പാര്‍ട്ടി അപമാനിക്കരുതെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."