തെരഞ്ഞെടുപ്പ് തോല്‍വി: കെ.പി.സി.സി യോഗം വിളിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി കെ.പി.സി.സി. യോഗം വിളിക്കുന്നു. അടുത്തമാസം നാല്, അഞ്ച് തിയതികളിലായിരിക്കും യോഗം. ഈ നിര്‍ദേശം രമേശ് ചെന്നിത്തലയാണു മുന്നോട്ടുവച്ചതെന്നും എക്‌സിക്യൂട്ടീവ് യോഗം അത് അംഗീകരിച്ചുവെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫും കോണ്‍ഗ്രസും ക്രിയാത്മകപ്രതിപക്ഷമായി പ്രവര്‍ത്തിക്കും. ഇടതുമന്ത്രിസഭ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. മദ്യനയം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയായിട്ടില്ല. മദ്യനയത്തില്‍ യു.ഡി.എഫ് ഉറച്ചുനില്‍ക്കുകയാണെന്നും സുധീരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതൃസ്ഥാനം സംബന്ധിച്ചു ഹൈക്കമാന്‍ഡുമായും മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചര്‍ച്ചചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. തോല്‍വി പരിശോധിക്കാന്‍ തല്‍ക്കാലം സമിതിയെ നിയോഗിച്ചിട്ടില്ല. അതേസമയം എക്‌സിക്യൂട്ടിവില്‍ അത്തരമൊരു നിര്‍ദേശം ഉയര്‍ന്നാല്‍ പരിഗണിക്കും.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പു പോലും താഴെഘടകങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ ശരിയായിരുന്നില്ല. ഇതേക്കുറിച്ച് വിശദമായി വിലയിരുത്തും. സംഘടനാ സംവിധാനം, നയപരമായ കാര്യങ്ങള്‍, മുന്നണി പ്രവര്‍ത്തനം എന്നിവയെല്ലാം പരിശോധനാ വിധേയമാക്കും. ഇത്തരമൊരു കനത്ത പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും പരാജയത്തിന്റെ ആഴം കുറച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."