പരാതികള്‍ പാര്‍ട്ടിക്കകത്ത് ഉന്നയിക്കണം: കുമ്മനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട പരാതികള്‍ പാര്‍ട്ടിക്കകത്താണു നേതാക്കള്‍ ഉന്നയിക്കേണ്ടതെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തോല്‍വിയെക്കുറിച്ചു പല സ്ഥാനാര്‍ഥികളും പരസ്യമായി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണു കുമ്മനത്തിന്റെ പരാമര്‍ശം.
തന്റെ തോല്‍വിക്കു പിന്നില്‍ ജില്ലാ, സംസ്ഥാന നേതാക്കളുണ്ടെന്നു പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുരേന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിനു വിശദീകരണവുമായി മലമ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു.
ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്.ശ്രീധരന്‍പിള്ളയും തന്റെ തോല്‍വിയില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ മറ്റു പല മണ്ഡലങ്ങളിലും വോട്ട് മറിച്ചതായും അണികള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയില്ലെന്നുമുള്ള പരാതികളും സ്ഥാനാര്‍ഥികളായിരുന്ന പലര്‍ക്കുമുണ്ട്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച ചില മണ്ഡലങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിഷ്‌ക്രിയരായിരുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇതെല്ലാമാണ് താക്കീതെന്ന നിലയില്‍ അഭിപ്രായം പറയാന്‍ കുമ്മനത്തെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."