തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കും
തലശ്ശേരി: തലശ്ശേരി പുതിയ ബസ്റ്റാന്റിലെ ട്രാഫിക് ഐലന്റ് പൊളിച്ച് നീക്കി അവിടെ ക്ലോക്ക് ടവര്‍ സ്ഥാപിക്കുമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ സി.കെ രമേശന്‍ അറിയിച്ചു.
നഗരസഭയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിന്റെ ശുചിത്വം മുന്‍ നിര്‍ത്തി പൊതു സ്ഥലങ്ങളില്‍ നോട്ടിസ് പതിക്കുന്നത് നിരോധിക്കാനും നഗരസഭ തീരുമാനമെടുത്തു. തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി പുരാവസ്തു വകുപ്പ് തടസ്സപ്പെടുത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ മുസ്‌ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി.
പി സാജിദ നഗരസഭാധികൃതരെ കുറ്റപ്പെടുത്തി. ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുമെന്ന് നഗരഭരണാധികാരികള്‍ പറഞ്ഞെങ്കിലും ഇതുവരെ അതിന്റെ നിര്‍മാണ തടസ്സം മാറ്റാന്‍ കഴിയാത്തതു നഗരസഭയുടെ പിടിപ്പുകേടാണെന്നും സാജിദ കുറ്റപ്പെടുത്തി. എന്നാല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരാണ് അടുത്തിടെ സ്റ്റേഡിയം സന്ദര്‍ശിച്ചതെന്നും ദേശീയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയാലേ നിര്‍മ്മാണ അനുമതി ലഭിക്കുകയുള്ളൂവെന്നും ഇതിനുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും ചെയര്‍മാന്‍ സി.കെ രമേശന്‍ മറുപടി നല്‍കി. നായനാര്‍ കോളനിയില്‍ ഇനിയും വീടു ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാത്ത നഗരസഭയുടെ നിലപാടു തിരുത്തണമെന്നും സാജിദ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും വേണ്ട നടപടി ഉടന്‍ കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ മറുപടി നല്‍കി. ചേറ്റംകുന്ന് റോഡ് തകര്‍ച്ചയും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.
തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് ആശ്രയയുടെ പേരില്‍ നടത്തുന്ന തട്ടുകട ഉടമ ഗ്യാസടുപ്പ് ഉള്‍പ്പെടെ റോഡില്‍ വച്ച് ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കുന്നത് പൊതു ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കമെന്നും ഇ.കെ ഗോപിനാഥ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും പെട്ടിക്കടകള്‍ ഉള്‍പ്പെടെ ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിക്കുന്ന എല്ലാവര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തി ജാഗ്രത പാലിക്കണമെന്ന് സി.പി.എം അംഗം വിജയന്‍ പറഞ്ഞു. നഗരത്തിലെ ഓടകള്‍ക്കു മീതെ സ്ഥാപിച്ച സ്ലാബുകള്‍ തകര്‍ന്ന് കാല്‍ നടക്കാര്‍ ദുരിതം അനുഭവിക്കുകയാണെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.പി അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി. കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ തകര്‍ന്ന കെട്ടിടം ഉടന്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ ഇരുന്ന് പഠിക്കേണ്ട അവസ്ഥയിലാണെന്നും സി.പി.എമ്മിലെ സുനില്‍ ചൂണ്ടിക്കാട്ടി.
എം.എല്‍.എ ഫണ്ട് ലഭിച്ചാല്‍ നിര്‍മാണം ഉടന്‍ നടത്തുമെന്ന് ചെയര്‍മാന്‍ മറുപടി പറഞ്ഞു. സ്വച്ച് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കക്കൂസ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ.വി രത്‌നാകരന്‍ പറഞ്ഞു. റുക്‌സീന, കെ പത്മജ, എ.വി ശൈലജ, കെ.ഇ ഗംഗാധരന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."