വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവിനെതിരേ പോക്സോ
കോഴിക്കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി അധ്യാപക സംഘടനാ നേതാവിനെതിരേ കേസ്. തലക്കുളത്തൂര്‍ പഞ്ചായത്തിലെ എ.എസ്.വി.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ലൈംഗികമായി പീഡിപ്പിക്കുന്നത് തടയല്‍ നിയമം (പോക്സോ) അനുസരിച്ച് കേസെടുത്തത്.
ബി.ജെ.പിയുടെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.എ നാരായണനെതിരേ (54)യാണ് അത്തോളി പൊലിസ് കേസെടുത്തത്.
വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ വ്യാഴാഴ്ച ചൈല്ഡ്ലൈന് അധികൃതര്‍ സ്കൂളിലെത്തി കുട്ടികളില്‍നിന്ന് രേഖാമൂലം പരാതി വാങ്ങിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പരാതി അത്തോളി പൊലിസിന് കൈമാറി. ഇന്നലെ കുട്ടികളെ പേരാമ്പ്ര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അത്തോളി എസ്.ഐ രവി കൊമ്മലാട് പറഞ്ഞു.
പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ വൈകിട്ട് പ്രത്യേക ക്ലാസുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാര്‍ഥിനികളെയാണ് അധ്യാപകന് ശരീരത്തിന്റെ പല ഭാഗത്തും പിടിച്ച് നിരന്തരം ശല്യംചെയ്തത്. ആണ്‍കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിവാക്കിയശേഷമായിരുന്നു ഇത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് നാരായണന്. അഞ്ചുവര്‍ഷം മുന്‍പ് ഇതേഅധ്യാപകന് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ പീഡന ആരോപണങ്ങളും പരാതിയും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."