'അയ്യോ' എന്ന് പറഞ്ഞതിന് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ശിക്ഷ
കൊച്ചി: വീഴാന്‍ പോയപ്പോള്‍ അയ്യോ എന്ന് നിലവിളിച്ചതിന് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ ഇനി മലയാളം പറയില്ലെന്ന് 50 തവണ എഴുതിപ്പിച്ച് അധ്യാപികയുടെ ശിക്ഷ. ഇടപ്പള്ളി കാംപ്യന്‍ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ദേവസൂര്യയ്ക്കാണ് അധ്യാപിക എഴുത്തുശിക്ഷ നല്‍കിയത്.
അടുത്തിരുന്ന കുട്ടി വലിച്ചപ്പോള്‍ വീഴാന്‍ തുടങ്ങിയപ്പോളാണ് അറിയാതെ താന്‍ അയ്യോ എന്നു പറഞ്ഞതെന്ന് ദേവസൂര്യ പറഞ്ഞു. ഇത് കേട്ട് തന്നെ പിടിച്ചു വലിച്ച കുട്ടി എന്താടാ എന്നു തന്നോട് ചോദിച്ചു.ഇത് കേട്ടുനിന്ന മറ്റൊരു കുട്ടി പോയി അധ്യാപികയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് അധ്യാപിക തങ്ങളോട് ഞാന്‍ ഇനി മലയാളം പറയില്ലെന്ന് 50 തവണ എഴുതാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ ഇപ്രകാരം എഴുതിയെന്നും ദേവസൂര്യ പറഞ്ഞു.
മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ മലയാളം പറഞ്ഞുവെന്നതിന്റെ പേരില്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കുട്ടിയുടെ പിതാവ് സുരേഷ് പറഞ്ഞു. കുട്ടി വീട്ടില്‍വന്ന് ഇക്കാര്യം സംസാരമധ്യേയാണ് സൂചിപ്പിച്ചത്.
തുടര്‍ന്ന് ഇംപോസിസഷന് എഴുതിയത് കാണിക്കാന്‍ താന്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്നെ ഇത് കാണിച്ചതെന്നും സുരേഷ് പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ പരാതി ഉന്നയിക്കുന്നില്ലെന്നും എന്നാല്‍ ഇക്കാര്യം സമൂഹം ചര്‍ച്ച ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."