കേസുകള്‍ രജിസ്റ്റര്‍ ചെയ്യല്‍; ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പുവരുത്തണം: ഡി.ജി.പി
തിരുവനന്തപുരം: കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും എഫ്.ഐ.ആര്‍ തയാറാക്കുമ്പോഴും കൂടുതല്‍ ശ്രദ്ധയും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ ഉള്‍പ്പെടെ ഈയിടെ രജിസ്റ്റര്‍ ചെയ്ത ചില കേസുകളും എഫ്.ഐ.ആറുകളും പരിശോധിച്ചപ്പോള്‍ സെക്ഷനുകള്‍ ചുമത്തുന്നതിലും മറ്റും വേണ്ടത്ര അവധാനത പുലര്‍ത്തിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഇടപെടല്‍.
സി.ഐ, ഡിവൈ.എസ്.പി, എസ്.പി, ജില്ലാ പൊലിസ് മേധാവി തുടങ്ങിയവരില്‍നിന്ന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവിധ സര്‍ക്കുലറുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പൂര്‍ണമായും പാലിച്ചാവണം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യേഗസ്ഥരുടെ ശരിയായ മേല്‍നോട്ടമുണ്ടാകണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തേണ്ട കേസുകളിള്‍ എഫ്.ഐ.ആര്‍ തയാറാക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട സി.ഐ.യുമായി ആലോചിച്ചാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. അതുപോലെ ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ എഫ്.ഐ.ആര്‍ തയാറാക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട ഡിവൈ.എസ്.പി.യുമായി ആലോചിച്ച് സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കണം. മനുഷ്യക്കടത്ത് കേസുകള്‍ പോലെ ചില പ്രത്യേക ഉദ്യോഗസ്ഥര്‍ക്ക് വിജ്ഞാപനപ്രകാരം അന്വേഷണച്ചുമതല നല്‍കുന്ന കേസുകളില്‍ പ്രസ്തുത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥനുമായി ഇക്കാര്യം ആലോചിക്കണം. യു.എ.പി.എ, രാജ്യദ്രോഹകുറ്റം, എന്‍.ഐ.എ ആക്റ്റ് പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിനു മുന്‍പ് ജില്ലാ പൊലിസ് മേധാവിയുടെ അനുമതി തേടിയിരിക്കണം.
ഇത്തരം വകുപ്പുകള്‍ ചുമത്തുന്നതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ ചുമത്താവൂ. യു.എ.പിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളില്‍ ഡിവൈ.എസ്.പിഎസ്.പി. തല ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനുള്ള നടപടികള്‍ റേയ്ഞ്ച് ഐ.ജി.മാര്‍ കൈക്കൊള്ളണമെന്നും ഇതിനായി സംസ്ഥാനതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."