225 'കടലാസ് പാര്‍ട്ടി'കളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളെ മറയാക്കുന്നത് ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അംഗീകാരമില്ലാത്ത 255 രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളെ കമ്മിഷന്‍ തങ്ങളുടെ പട്ടികയില്‍ നിന്നു നീക്കംചെയ്തു. ഈ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കമ്മിഷന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡി(സി.ബി.ഡി.ടി)നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1961ലെ ആദായനികുതി നിയമത്തിലെ 13 എ വകുപ്പുപ്രകാരം പാര്‍ട്ടികള്‍ക്കു വിവിധ ഇളവുകള്‍ ലഭിക്കുന്നുണ്ട്. ഇതു ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ട്ടികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നു കഴിഞ്ഞദിവസം കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. നടപടിക്കിരയായ പാര്‍ട്ടികള്‍ 2005 മുതല്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കുകയോ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല.
225 പാര്‍ട്ടികളില്‍ കൂടുതലും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതായാണു വിലാസത്തില്‍ കാണിക്കുന്നത്. കേരളം ആസ്ഥാനമായ രണ്ട് പാര്‍ട്ടികളെയും കമ്മിഷന്‍ പട്ടികയില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്.
ഓള്‍ കേരളാ എം.ജി.ആര്‍ ദ്രാവിഡ മുന്നേറ്റ പാര്‍ട്ടിയാണ് ഒന്ന്. ദാസ് ബിള്‍ഡിങ്, നേമം പി.ഒ, തിരുവനന്തപുരം- 695020 എന്നാണ് ഈ പാര്‍ട്ടിയുടെ വിലാസം. നിശബ്ദ ഭൂരിപക്ഷം എന്നതാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ പാര്‍ട്ടി. 113, പട്ടുകല്‍ ഷോപ്പിങ് കോംപ്ലക്‌സ്, സെക്കന്‍ഡ് ഫ്‌ളോര്‍, ഈസ്റ്റ് ഫോര്‍ട്ട്, ട്രിവാന്‍ഡ്രം, പി.ഒ ട്രിവാന്‍ഡ്രം, കേരള എന്നതാണ് ഇതിന്റെ വിലാസം.
നീക്കംചെയ്ത കൂട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഔദ്യോഗിക വസതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുമുണ്ട്. ഓള്‍ ഇന്ത്യാ പ്രോഗസീവ് ജനതാദള്‍ എന്ന പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."