സ്മാര്‍ട്ടാവുമോ ഇവിടെയും സ്‌റ്റെതസ്‌കോപ്പുകള്‍
ആശുപത്രിയില്‍ കയറിച്ചെന്നാല്‍ ആദ്യപരിശോധന സ്‌റ്റെതസ്‌കോപ്പ് ഉപയോഗിച്ചായിരിക്കും അല്ലേ. ചില രോഗികള്‍ക്ക് അതുപയോഗിച്ച് പരിശോധിച്ചില്ലെങ്കില്‍ അത്ര തൃപ്തിയും വരാറില്ല. കുറേ സമയം സ്‌റ്റെതസ്‌കോപ്പ് വച്ച് പരിശോധിക്കുന്ന ഡോക്ടര്‍മാരും ഒന്നോ രണ്ടോ തട്ടുകൊടുത്ത് നോക്കുന്ന ഡോക്ടര്‍മാരുമുണ്ട്. എന്തായാലും സ്‌റ്റെതസ്‌കോപ്പ് കൊണ്ടുള്ള പരിശോധന ചില രോഗികള്‍ക്കെങ്കിലും ആശ്വാസം പകരാറുണ്ട്. എങ്ങനെയായാലും ആന്തരാവയവങ്ങളുടെ ശബ്ദം കേള്‍ക്കുന്നതിനു വേണ്ടിയാണ് ഈ ഉപകരണം്.
എല്ലാം സ്മാര്‍ട്ടാവുന്ന കാലത്ത് ഡോക്ടര്‍മാരുടെ ഇത്തരം ഉപകരണങ്ങളും സ്മാര്‍ട്ടായിക്കൂടേയെന്നു ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കാന്‍ ഇത്തിരി വൈകിയെന്നു വേണം പറയാന്‍. സ്മാര്‍ട്ട് സ്റ്റെതസ്‌കോപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അത്ര വ്യാപകമൊന്നുമല്ല. യൂറോപ്പും അമേരിക്കയുമൊക്കെ സ്മാര്‍ട്ട് സ്റ്റെതസ്‌കോപ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ പുത്തന്‍ സാങ്കേതിക വിദ്യകളെയും വൈകി സ്വീകരിക്കുന്ന നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇതും വൈകിയേ എത്തുകയുള്ളൂ എന്നറിയാമല്ലോ.
അല്ലെങ്കിലും സ്‌റ്റെതസ്‌കോപ്പിന്റെ വളര്‍ച്ച വളരെ മുരടിച്ചു തന്നെയാണ്. 1816 ലാണ് ഇങ്ങനെയൊരു പരിശോധനാ സംവിധാനം റെനെ ലെനക്ക് തുടങ്ങുന്നതെന്നോര്‍ക്കണം. ഒട്ടുമിക്ക ഡോക്ടര്‍മാരും ഉപയോഗിക്കുന്ന കാര്‍ഡിയോ സോണിക് സ്റ്റെതസ്‌കോപ്പ് നിലവില്‍ വന്നത് 1970 ലാണ്. റെനെ ലെനക്കിന്റെ കടലാസ് സ്റ്റെതസ്‌കോപ്പില്‍ നിന്നു തന്നെ മാറാന്‍ നൂറ്റാണ്ട് പിന്നിട്ടല്ലോ.
സ്മാര്‍ട്ടിന്റെ എല്ലാ ലക്ഷണങ്ങളും ചേര്‍ന്നാണ് ഡിജിറ്റല്‍ സ്‌റ്റെതസ്‌കോപ്പിന്റെ വരവ്. ശബ്ദപരിശോധനാ ഫലങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും ഷെയര്‍ ചെയ്യാനും ആവുമെന്നതാണ് പ്രധാന പ്രത്യേകത. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സിങ്ക് ചെയ്യുകയാണെങ്കില്‍ ഈ ഫലങ്ങള്‍ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും സാധിക്കും.
മറ്റു ക്ലിനിക്കുകളില്‍ നിന്ന് അയക്കുന്ന വിവരങ്ങള്‍ സ്വീകരിച്ച് വിശകലനം നടത്താനാവുമെന്നതാണ് വിപ്ലവകരമായ മാറ്റം. എല്ലാ കാര്യങ്ങളും ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് വഴി സൂക്ഷിച്ചുവയ്ക്കാനും ഭാവിയില്‍ വീണ്ടെടുത്ത് പരിശോധിക്കാനും സാധിക്കും, അതായത് സി.ടി സ്‌കാന്‍ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ.
വിദൂരത്തുനിന്നുപോലും ഡോക്ടര്‍ക്ക് പരിശോധന നടത്താന്‍ ഡിജിറ്റല്‍ സ്റ്റെതസ്‌കോപ്പുകള്‍ സഹായിക്കും. ടെലി- മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇതു സാധ്യമാവുക.
എന്തായാലും വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റം പുതിയ സ്റ്റെതസ്‌കോപ്പിലൂടെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. അത്യാവശ്യ ഘട്ടങ്ങളില്‍ ഇത്തരം സ്‌റ്റെതസ്‌കോപ്പിന്റെ സഹായത്തോടെ ലോകത്തെവിടെയുമുള്ള ഡോക്ടര്‍മാരെക്കൊണ്ടും പരിശോധിപ്പിക്കാമെങ്കില്‍ അതു വലിയ മാറ്റം തന്നെയല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."