ശമ്പളബില്ലിന്റെ കോപ്പി ആവശ്യപ്പെട്ടതിന് ഭിന്നശേഷി അധ്യാപകനെ പിരിച്ചുവിട്ടതായി പരാതി
പുത്തനത്താണി: ശമ്പളബില്ലിന്റെ കോപ്പി ആവശ്യപ്പെട്ടതിനു ഭിന്നശേഷി അധ്യാപകനെ പ്രധാനാധ്യാപകന്‍ അപമാനിക്കുകയും സെക്രട്ടറി പിരിച്ചുവിടുകയും ചെയ്തതായി പരാതി. വെട്ടിച്ചിറ മജ്മഅ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കുന്നക്കാട്ടില്‍ മുഹമ്മദ് റിയാസാണ് പരാതിയുമായി രംഗത്തെത്തിയത്.
ആറു വര്‍ഷമായി പ്രതിമാസം 8,000 രൂപ ശമ്പളത്തില്‍ ഇവിടെ ഹിന്ദി അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ശമ്പളം വര്‍ധിപ്പിക്കാനും നിയമപ്രകാരമുള്ള ശമ്പളം ഉറപ്പുവരുത്തുന്നതിനും പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നാല്‍പതു ശതമാനം ഭിന്ന ശേഷിക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ശമ്പള ബില്ലിന്റെ കോപ്പി പ്രധാനാധ്യാപകന്‍ അബ്ദുല്‍ നജീബ് മാസ്റ്ററോടാവശ്യപ്പെട്ടു. തുടര്‍ന്നു പ്രധാധ്യാപകന്‍ ക്യാബിനിലേക്കു വിളിച്ചുവരുത്തി അപമാനിച്ചെന്നു തിരൂര്‍ ഡി.ഇ.ഒയിലും കല്‍പകഞ്ചേരി പൊലിസ് സറ്റേഷനിലും നല്‍കിയ പരാതിയില്‍ പറയുന്നു.
ഡി.ഇ.ഒ ഓഫിസില്‍നിന്നു നീതി ലഭിച്ചില്ലെന്നും പരാതിയുണ്ട്. കല്‍പകഞ്ചേരി എസ്.ഐയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാവിലെ പൊലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഉച്ചയ്ക്കു രണ്ടുവരെ പ്രധാനാധ്യാപകന്‍ എത്തിയില്ല. രാവിലെ മുതല്‍ ഉച്ചവരെ ഭക്ഷണം കഴിക്കാതെ കാത്തുനിന്ന റിയാസ് കുഴഞ്ഞു വീണു. തുടര്‍ന്നു കല്‍പകഞ്ചേരി പൊലിസ് പ്രധാനാധ്യാപകനെതിരേ കേസെടുത്തു.
തുടര്‍ന്നു കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ റിയാസിനെ ജോലിയില്‍നിന്നു പരിച്ചുവിട്ടതായയി സെക്രട്ടറി സുലൈമാന്‍ മാളിയക്കലിനു വേണ്ടണ്ടി ഫാറൂഖ് സഖാഫി അറിയിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അധ്യാപകന്‍ റിയാസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇദ്ദേഹം ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വികലാംഗക്ഷേമ കോര്‍പറേഷനുമായി ബന്ധപ്പെട്ടു മറ്റു പരിഹാര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി സമരപരിപാടികള്‍ ആസൂത്രണംചെയ്തു മുന്നോട്ടുപോകുമെന്നു വാര്‍ത്താസമ്മേളനത്തില്‍ ഹാജരായ സ്‌കൂളിലെ മറ്റ് അധ്യാപകരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."