ജില്ലാ സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
തിരൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ജനുവരി മൂന്നിന് തുടങ്ങുന്ന ജില്ലാ കലോത്സവത്തിന് കഴിഞ്ഞ ദിവസം പന്തല്‍കാല്‍ നാട്ടി. ജനുവരി മൂന്നു മുതല്‍ ഏഴുവരെയാണ് തിരൂര്‍ ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയടക്കം സമീപത്തായി 16 വേദികളിലായാണ് സ്റ്റേജ് ഇനങ്ങള്‍ അരങ്ങേറുക. ബോയ്‌സ് ഹൈസ്‌കൂള്‍, പോളിടെക്‌നിക്ക് കോളജ്, പോളിടെക്‌നിക്ക് ഹോസ്റ്റല്‍, പഞ്ചമി സ്‌കൂള്‍, ബി.പി അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡയറ്റ് ഹാള്‍, ബി.പി അങ്ങാടി ജി.എല്‍.പി സ്‌കൂള്‍ തുടങ്ങിയ വേദികളിലാണ് കലാമത്സരങ്ങള്‍. ഓഫ് സ്റ്റേജ് മല്‍സരങ്ങളും നടക്കും. ജനുവരി മൂന്നിന് പകല്‍ 10ന് രജിസ്‌ട്രേഷന്‍ നടപടികളോടെയാണ് കലോത്സവത്തിന് തുടക്കമാകുക.
വൈകിട്ട് മൂന്നിന് തെക്കുമുറി പൊലിസ് ലൈന്‍ പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര തുടങ്ങും. തുടര്‍ന്ന് നാലിന് പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. നാലിന് രാവിലെ ഒന്‍പതിന് കലാമത്സരങ്ങള്‍ക്ക് തുടക്കമാകും. അന്നേ ദിവസം ബി.പി അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഫ് സ്റ്റേജ് മല്‍സരങ്ങളും നടക്കും. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി 2500 ഓളം കുട്ടികള്‍ മത്സരത്തിനെത്തും.കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ഒഫീഷ്യല്‍സിനുമായി വിപുലമായ ഭക്ഷണപ്പുര പോളിടെക്‌നിക്ക് ഗ്രൗണ്ടില്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."