എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മൗനം രാഷ്ട്രീയ ഇരട്ടത്താപ്പ്: ഹക്കീം കുന്നില്‍
കാസര്‍കോട്: എന്‍ഡോള്‍ഫാന്‍ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്ന മൗനം രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഭാഗമാണെന്നു ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള മാര്‍ച്ചിനു മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിച്ച പിണറായി വിജയന്‍ ഭരണത്തിലേറി ഏഴു മാസമായിട്ടും അവര്‍ക്കു വേണ്ടി എന്തു ചെയ്‌തെന്നത് പരിശോധിക്കാന്‍ തയാറാകണം.
നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍, പള്ളിക്കര പാലം, ടൂറിസം രംഗത്തെ വികസനം എന്നീ കാര്യങ്ങളില്‍ രാഷ്ട്രീയം മറന്നുള്ള വികസനമാണ് ജില്ലയില്‍ നടപ്പാക്കേണ്ടത്. വര്‍ധിച്ചു വരുന്ന വര്‍ഗീയതക്കെതിരേയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. അതു മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണു ജില്ലയില്‍ നടപ്പാക്കുക. രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും ഭിന്നതകളും പരിഹരിച്ചു പ്രവര്‍ത്തകരെ സജ്ജരാക്കും. ഈ തെരഞ്ഞടുപ്പോടെ ജില്ലയില്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ട പാരമ്പര്യം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. അതിനായി സ്മാര്‍ട്ട് ഫോണുകളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന യുവാക്കളെ പാര്‍ട്ടിയിലേക്കാകര്‍ഷിച്ചും മുതിര്‍ന്ന നേതാക്കളെ നേതൃനിരയില്‍ നിലനിര്‍ത്തിയും പരിപാടികള്‍ ആവിഷ്‌കരിക്കും. ജില്ലയില്‍ ലീഗിനു അടിമപ്പെടുകയല്ലെന്നും മുന്നണി മര്യാദയനുസരിച്ചു സംസ്ഥാന തലത്തില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിനു വിട്ടു നല്‍കിയതെന്നും ഹക്കിം കുന്നില്‍ പറഞ്ഞു. മുന്നണിയില്‍ ലീഗിനും കോണ്‍ഗ്രസും തുല്യപങ്കാളിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം, ട്രഷറര്‍ വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."