പാര്‍ക്കിങ് സൗകര്യമില്ല: മുള്ളേരിയ കുരുങ്ങുന്നു
മുള്ളേരിയ: മലയോര മേഖലയിലെ പ്രധാന ടൗണായ മുള്ളേരിയ വാഹന പാര്‍ക്കിങ് സൗകര്യമോ ട്രാഫിക്ക് സംവിധാനമോ ഇല്ലാതെ വലയുന്നു. ബദിയഡുക്ക ഭാഗത്തേക്കുള്ള റോഡാണു കൂടുതലും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നത്. വീതി കുറഞ്ഞ ഈ റോഡിലാണ് ബസുകള്‍ ആള്‍ക്കാരെ കയറ്റാന്‍ നിര്‍ത്തുന്നതും യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്നതും.
അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനു വേണ്ടി ടൗണിലെ പല ഭാഗത്തും പാര്‍ക്കിങ് നിരോധിത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യ വാഹനങ്ങള്‍ക്കു മറ്റു പാര്‍ക്കിങ് സൗകര്യമില്ലാത്തതു കാരണം തോന്നിയ പോലെ റോഡില്‍ തന്നെയാണു നിര്‍ത്തിയിടുന്നത്. റോഡിന്റെ ഒരു വശം നടപ്പാത ഉണ്ടെങ്കിലും അതു മുഴുവന്‍ സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ്. മറുവശത്ത് ടാക്സി സ്റ്റാന്‍ഡുമാണ്.
ചെര്‍ക്കളം ജാല്‍സുര്‍, ബദിയഡുക്ക മുള്ളേരിയ, ബെള്ളൂര്‍ മുള്ളേരിയ തുടങ്ങി അഞ്ചോളം റോഡുകളുടെ സംഗമ സ്ഥലമായിട്ടും ട്രാഫിക്ക് സംവിധാനം പേരിനു പോലുമില്ല. രാവിലെയും വൈകിട്ടുമാണ് ഏറെ തിരക്കനുഭവപ്പെടുന്നത്.
കാലു കുത്താന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. കാറഡുക്ക, ബെള്ളൂര്‍, ദേലംപാടി പഞ്ചായത്തുകളില്‍ നിന്നായി നിത്യേന ആയിരക്കണക്കിനാളുകള്‍ സ്കൂള്‍, ആശുപത്രി, വ്യാപാരം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന ടൗണാണ് മുള്ളേരിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."