മീനച്ചില്‍ റബ്ബര്‍ സൊസൈറ്റി പൊതുയോഗത്തില്‍ നിന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വിട്ടുനിന്നു
പാലാ: 100 കോടിയില്‍പരം രൂപയുടെ കടക്കെണിയില്‍ മുങ്ങിയ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തത് 10 പേര്‍ മാത്രം. പൊതുയോഗത്തിന് കോറം തികഞ്ഞില്ലെങ്കിലും കണക്കുകള്‍ എല്ലാം പാസാക്കിയതായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു. പൊതുയോഗത്തില്‍ നിന്നും നിരവധി ബോര്‍ഡ് അംഗങ്ങള്‍ വിട്ടുനിന്നു. കര്‍ഷകരുടെയും നിക്ഷേപകരുടെയും ചിട്ടി അംഗങ്ങളുടെയും ജീവനക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പൊതുയോഗം മാറ്റിവച്ചിരുന്നു.
ഇന്നലെ നടന്ന പൊതുയോഗത്തെ സംബന്ധിച്ച് അംഗങ്ങള്‍ അറിഞ്ഞതുമില്ല. കേട്ടറിഞ്ഞ് എത്തിയ 10 അംഗങ്ങള്‍ ഡയറക്ടര്‍ബോര്‍ഡിന്റെ കെടുകാര്യസ്ഥതയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുണ്ടായി. അംഗങ്ങള്‍ എതിര്‍പ്പും പ്രതിഷേധവും ശക്തമാക്കിയതിനെതുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കുന്നതിനുള്ള അഭ്യര്‍ത്ഥന നിരസിച്ചു. പൊതുയോഗത്തില്‍ കോറം തികയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ മാനേജ്‌മെന്റ് അനുകൂലികളായ ജീവനക്കാരെയും പങ്കെടുപ്പിക്കുകയുണ്ടായി.
വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചത് കരൂര്‍ ലാറ്റക്‌സ് ഫാക്ടറി മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരനാണ്. മാനേജ്‌മെന്റ് അനുകൂലികളായ ജീവനക്കാര്‍ കൈയടിച്ച് റിപ്പോര്‍ട്ട് പാസാക്കി. കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി ശമ്പളമോ ആനുകൂല്യങ്ങളോ ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. സൊസൈറ്റിയുടെ കീഴില്‍ വളരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ലാറ്റക്‌സ് ഫാക്ടറിയും ക്രംമ്പ് ഫാക്ടറിയും അടച്ചിട്ടിരിക്കുകയാണ്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പൊതുയോഗം വിജയിപ്പിക്കുന്നതിന് ഇവരെ പങ്കെടുപ്പിച്ചത്. എന്നാല്‍ ശമ്പളം സംബന്ധിച്ച് മാനേജ്‌മെന്റ് ഒരുറപ്പും നല്‍കിയതുമില്ല. ഇതേ തുടര്‍ന്ന് പൊതുയോഗത്തിനെത്തിയ ജീവനക്കാര്‍ പ്രതിഷേധിച്ചു. രഹസ്യമായും ആവശ്യമായ കോറം തികയുന്നതിനുള്ള അംഗങ്ങള്‍ പങ്കെടുക്കാതെയും നടത്തിയ പൊതുയോഗതീരുമാനങ്ങള്‍ റദ്ദ് ചെയ്യണം. അംഗങ്ങള്‍ അല്ലാത്ത ജീവനക്കാരെ പൊതുയോഗത്തില്‍ പങ്കെടുപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും കര്‍ഷക സമരസമിതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണവകുപ്പിനും വിജിലന്‍സിനും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്ന് കര്‍ഷക സമരസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."