ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എം.പി
ചെറുതോണി: മലയോര ജനതയുടെ മുഴഉവന്‍ പ്രതീക്ഷകളും അക്ഷരാര്‍ത്ഥത്തില്‍ സഫലീകരിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്നും ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിന് സര്‍ക്കാര്‍ തന്നിലേല്പ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ജില്ലാ കലക്ടറോടൊപ്പം മെഡിക്കല്‍ കോളജിലെത്തി ആശുപത്രി സമുച്ചയത്തിന്റെയും അക്കാദമിക്ക് ബ്ലോക്കിന്റെയും നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. 300 ബഡ്ഡുകളുള്ള ആശുപത്രി സമുച്ചയത്തിന്റെ സൈറ്റ് ലെവലിംഗ് പൂര്‍ത്തിയായി.
രണ്ട് നിരകളിലായി രണ്ട് ലക്ഷത്തില്‍പരം ചതുരശ്ര അടി വിസ്താരത്തിലാണ് ഹോസ്പിറ്റല്‍ ബില്‍ഡിങ് നിര്‍മാണം നടത്തുന്നത്. കേന്ദ്രത്തില്‍ നിന്നും ലഭിച്ച 48.5 കോടിയുടെ നബാഡ് ഫണ്ട് ഉള്‍പ്പെടെ 62 കോടി രൂപ ചിലവിലാണ് ആശുപത്രി സമുച്ചയം നിര്‍മിക്കുന്നത്. 2018 മാര്‍ച്ചിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണം.
അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണവും എം.പി യും സംഘവും വിലയിരുത്തി. ഒരു മാസം കൊണ്ട് ഒരു നിലയുടെ പണികള്‍ പൂര്‍ത്തിയാകും. അനുവദിച്ചിട്ടുള്ള നിര്‍മാണ കാലാവധി തീരാന്‍ ഇനി ഏഴുമാസം കൂടി മാത്രമേ ഉള്ളു. അതിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകണം. നിര്‍മ്മാണം കൃത്യസമയത്തുതന്നെ പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ എം.പിക്കും ജില്ലാ കലക്ടര്‍ക്കും ഉറപ്പു നല്‍കി.
ജനുവരി 9 ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന പുരോഗതി കലക്ടറേറ്റില്‍ അവലോകനം ചെയ്യുമെന്നും എം.പി അറിയിച്ചു. ആഴ്ച്ചയിലൊരിക്കല്‍ നിര്‍മ്മാണ സ്ഥലത്ത് നേരിട്ടെത്തി നടത്തിവരുന്ന പരിശോധന തുടരും.
എം.പി ക്കും ജില്ലാ കലക്ടര്‍ക്കുമൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് വട്ടപ്പാറ, സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി.വി. വര്‍ഗീസ്, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ ബി.പി.എസ്. ഇബ്രാഹിം കുട്ടി, കെ.ടി.മര്‍ക്കോസ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."