ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തടയാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍
കുടയത്തൂര്‍: ഈ മാസം 29 മുതല്‍ കുടയത്തൂരില്‍ നടത്താനിരിക്കുന്ന അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്് തടയാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. മത്സരം തടയാന്‍ ലക്ഷ്യമിട്ട് സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ ഷെഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്നു. പഞ്ചായത്തംഗം ടി.സി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കുടയത്തൂര്‍ അന്ധവിദ്യാലയത്തിന് സമീപമുള്ള ഈ ഗ്രൗണ്ടില്‍ 15 വര്‍ഷമായി ടൂര്‍ണമെന്റ് നടക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഗ്രൗണ്ടിന് സമീപമുള്ള സോഷ്യല്‍ ഫോറസ്ട്രിയുടെ സ്ഥലത്തെ മദ്യപാനം നാട്ടുകാര്‍ തടയുകയും ഇവരെ പിടികൂടി കാഞ്ഞാര്‍ പൊലിസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റിലെ താല്‍കാലിക വാച്ചറുടെ നേതൃത്വത്തിലായിരുന്നു മദ്യപാനം.
ഇതിന്റെ പ്രതികാരമായി ടൂര്‍ണമെന്റ് തടസപ്പെടുത്തുന്നതിന് വാച്ചര്‍ തന്നെയാണ് ഷെഡിന് തീയിട്ടതെന്ന് സംശയിക്കുന്നതായി ടി.സി ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് ഫോറസ്റ്റ് വാച്ചര്‍. ഇവിടെ അനധികൃത മദ്യപാനവും കഞ്ചാവ് കച്ചവടവും ഉണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. വേറെ ആളെ കിട്ടാത്തതിനാലാണ് ഇയാളെ തുടരാന്‍ അനുവദിച്ചിരിക്കുന്നതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കുടയത്തൂരിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുടക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍ ജോസഫ് പറഞ്ഞു. ടൂര്‍ണമെന്റിന് എല്ലാവിധ സഹായങ്ങളും ചെയ്യാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാനം. 29 മുതല്‍ ജനുവരി ഒന്ന് വരെയാണ് സെവന്‍സ് ടൂര്‍ണമെന്റ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."