താലൂക്ക് ഓഫിസിനെ ചൊല്ലി കോണ്‍ഗ്രസ് കള്ളപ്രചരണം നടത്തുന്നുവെന്ന് സി.പി.ഐ
ആലപ്പുഴ: ഹരിപ്പാട് സ്ഥിതി ചെയ്യുന്ന താലൂക്ക് ഓഫീസ് കായംകുളത്തേക്ക് മറ്റുന്നുവെന്ന രീതിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കള്ളപ്രചരണം നടത്തുന്നുവെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആരോപിച്ചു.ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് റവന്യുമന്ത്രി അറിയിച്ചിട്ടും ഹര്‍ത്താല്‍ നടത്തുവാന്‍ പ്രേരിപ്പിച്ച ചെന്നിത്തല മാപ്പ് പറയണമെന്നു യോഗം ആവശ്യപ്പെട്ടു.
സ്വകാര്യ മെഡിക്കല്‍ കോളേജിനുള്ള ഭുമി ഏറ്റെടുക്കലും കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട അഴിമതിയും ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹരിപ്പാട് ഉണ്ടാകുന്ന ഇത്തരം സമരാഭാസങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഹര്‍ത്താല്‍ വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കുകയും അത് പൊതു സമൂഹത്തിന്റെ ചര്‍ച്ചയ്ക്ക് വിതരണംചെയ്യുകയും ചെയ്ത രമേശ് ചെന്നിത്തല സര്‍ക്കാര്‍പരിഗണയിലില്ലാത്ത വിഷയത്തിന്റെ പേരിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് റവന്യുമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് യോഗം ചൂണ്ടി കാണിച്ചു.
സംസ്ഥാനകൗണ്‍സില്‍ അംഗം കെ എം ചന്ദ്രശര്‍മ്മ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.പുരുഷോത്തമന്‍,പി.പ്രസാദ്,ജില്ലാ അസി സെക്രട്ടറിമാരായ എന്‍.സുകുമാരപിള്ള,പി.വി.സത്യനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."