പാചകവാതക വിതരണം തോന്നിയപോലെ; അപാകതകള്‍ക്ക് പരിഹാരമില്ല
കുട്ടനാട്: കുട്ടനാട്ടില്‍ പാചകവാതകവിതരണത്തില്‍ അപാകതകള്‍ ഏറെയെന്ന് ആക്ഷേപം. വിതരണത്തിലെ കൃത്യതയില്ലായ്മയും, അമിതവിലയുമീടാക്കിയാണ്് വിതരണ ഏജന്‍സികള്‍ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നത്. കുട്ടനാടിന്റെ കിഴക്കന്‍ പ്രദേശങ്ങല്‍ലാണ് പാചകവാതക വിതരണം താറുമാറാകുന്നത്. ഒരേ കമ്പനിയുടെ സിലിണ്ടറുകള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതാണ് ഉപഭോക്താക്കളെ വലക്കുന്നത്. കൂടാതെ സിലിണ്ടറുകളുടെ വിലയോടൊപ്പം വാങ്ങുന്ന വാഹനകൂലിയിനത്തിലാണ് ഏജന്‍സികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. കാവാലം, നീലംപേരൂര്‍, വെളിയനാട് പ്രദേശങ്ങളിലാണ് പ്രധാനമായും അധിക ചാര്‍ജ് ഈടാക്കുന്നത്.
ചങ്ങനാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ് ഏറ്റവുമധികം പണം ഈടാക്കുന്നത്. പാചകവാതകത്തിന്റെ വിലയ്‌ക്കൊപ്പം ജീവനക്കാര്‍ തങ്ങള്‍ക്കു തോന്നുന്ന നിരക്കാണ് സര്‍വീസ് ചാര്‍ജിനത്തില്‍ വാങ്ങുന്നത്. ചങ്ങനാശേരിയില്‍ നി്ന്നുള്ള ഭാരത് പെട്രോളിയത്തിന്റെ ഏജന്‍സികള്‍ തന്നെ കാവാലം പ്രദേശത്തു നിന്നും ഒരേ ദിവസം തന്നെ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചത്തെ നിരക്കു പ്രകാരം സിലിണ്ടറൊന്നിന് 604 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാഹനകൂലിയടക്കം കാവാലത്ത് വ്യത്യസ്ത ചാര്‍ജുകളാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വന്നത്. ഒരു ഏജന്‍സി 670 രൂപ വാങ്ങിയപ്പോള്‍, മറ്റൊരു ഏജന്‍സി 660 രൂപയാണ് ഈടാക്കിയത്. എന്നാല്‍ കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഏജന്‍സിയുടെ കറുകച്ചാലിലുള്ള ഗോഡൗണില്‍ നിന്നു കൊണ്ടുവരുന്ന എച്ച്.പി കമ്പനിയുടെ സിലിണ്ടറിന് 640 രൂപ മാത്രമാണ് ഈടാക്കുന്നത്.
താരതമ്യേന ദൂരക്കുറവുള്ള ചങ്ങനാശേരിയിലെ ഗോഡൗണുകളില്‍ നിന്നെത്തുന്ന സിലിണ്ടറുകള്‍ക്കാണ് അമിത വില ഈടാക്കപ്പെടുന്നത്. കുട്ടനാട് കേന്ദ്രീകരിച്ചുള്ള ഏജന്‍സിയും കുറഞ്ഞ നിരക്കില്‍ത്തന്നെയാണ് വിതരണം നടത്തുന്നത്.
പാചകവാതകവിതരണക്കാര്‍ തങ്ങള്‍ക്ക് ബില്ല് തരാറില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. അതാത് ആഴ്ചകളിലെ എണ്ണവിലയ്ക്കനുസരിച്ചുള്ള വിലയും സര്‍വീസ് ചാര്‍ജുമടക്കം തങ്ങളില്‍ നിന്നു വാങ്ങുന്ന തുക ബുക്കില്‍ കുറിച്ചു നല്‍കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."