ഫലസ്തീനിലെ ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരായ പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി
ന്യൂയോര്‍ക്ക്: അധിനിവിഷ്ട ഫലസ്തീന്‍ അതിര്‍ത്തികളില്‍ ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തിനെതിരായ പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി.
പ്രമേയത്തിന് അനുകൂലമായി 14 വോട്ടുകളാണ് ലഭിച്ചത്. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ന്യൂസിലാന്റ്, മലേഷ്യ, വെനസ്വേല, സെനഗല്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചെങ്കിലും ഈജിപ്ത് പിന്മാറി. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇസ്‌റാഈലിന്റെയും സമ്മര്‍ദത്തെത്തുടര്‍ന്നാണിത്.
ഈജിപ്ത് തന്നെയാണ് പ്രമേയം കൊണ്ടുവന്നത്. സമ്മര്‍ദത്തെത്തുടര്‍ന്ന് പിന്‍വലിഞ്ഞപ്പോള്‍ വോട്ടിനിടണമെന്ന് ന്യൂസിലാന്റ് അടക്കമുള്ള ചില രാജ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
ഇസ്‌റാഈല്‍ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. 1967 മുതല്‍ പടിഞ്ഞാറന്‍ ജറുസലേം അടക്കം ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ നടത്തിയ കുടിയേറ്റത്തിന് നിയമസാധുതയുണ്ടാവില്ലെന്നും പ്രമേയം പറയുന്നു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വിജയദിവസമാണെന്ന് ഫലസ്തീന്‍ മധ്യസ്ഥ മേധാവി സാഇബ് ഇരീക്കത്ത് പ്രതികരിച്ചു. സാധാരണക്കാരന്റെ വിജയമാണിതെന്നും ഇസ്‌റാഈല്‍ ഭീകരരുടെ സമ്മര്‍ദത്തെ തള്ളലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രമേയം സുരക്ഷാ കൗണ്‍സിലില്‍ കൊണ്ടുവരുന്നത്.
എന്നാല്‍ യു.എന്‍ പ്രമേയത്തെ നടപ്പാക്കില്ലെന്നറിയിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിക്കഴിഞ്ഞു. നാണംകെട്ട ഇസ്‌റാഈല്‍ വിരുദ്ധ പ്രമേയം തള്ളിക്കളയുകയാണെന്ന് നെതന്യാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."