കൈയ്യേറ്റം ഒഴിപ്പിക്കാതെ ചുള്ളിയാര്‍ ഡാമിനു ചുറ്റും വേലികെട്ടല്‍: അഴിമതിയെന്ന് ആക്ഷേപം
പാലക്കാട്: ഡാമിനകത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ ഡാം സംരക്ഷണത്തിന്റെ പേരില്‍ കമ്പിവേലി കെട്ടി കോടികളുടെ അഴിമതിക്ക് കളമൊരുങ്ങുന്നു. ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചുള്ളിയാര്‍, മീങ്കര ഡാമുകള്‍ക്കു ചുറ്റും കമ്പിവേലികള്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. ചുള്ളിയാര്‍ഡാമിന് ചുറ്റുംവേലി കെട്ടാന്‍ നാലു കോടിയും, മീങ്കരയില്‍ വേലി കെട്ടാന്‍ മൂന്നു കോടിയുമാണ് ജലസേചന വകുപ്പ് ചെലവിടുന്നത.്
ചുള്ളിയാര്‍ ഡാമില്‍ പലകപാണ്ടി കനാല്‍ വരെ മതിലും കമ്പിവേലിയും പണിതു കഴിഞ്ഞു. മീങ്കരയിലും പണി തുടങ്ങി. പലകപാണ്ടി കനാല്‍ ഭാഗം മുതല്‍ ചാപ്പക്കട് വരേയുള്ള പത്തു കിലോമീറ്ററോളം നീളത്തില്‍ മാത്രമുള്ള സ്ഥലത്തുമാത്രം ഡാമിനകത്ത് 74 ഏക്കറിലധികം സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറി മാവും, പച്ചക്കറിയും, നിലക്കടലായും, മറ്റും കൃഷി ചെയ്തുവരുന്നുണ്ട്. ഒരു സ്വകാര്യ വ്യക്തി പത്തേക്കറോളം സ്ഥലം കൈയേറി മാവ്് കൃഷിചെയ്തിട്ടുണ്ട് . കാലങ്ങളായി ഇവര്‍ ഡാമിന്റെ സ്ഥലം കൈയേറി കൃഷി ചെയ്തുവന്നിട്ടും ജലസേചന വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചില ഉദ്യാഗസ്ഥര്‍ മാമൂല്‍ വാങ്ങി കണ്ണടച്ചിരിക്കുകയാണ്.
പരാതി നല്‍കാന്‍ ആരും തയാറാവാത്തതാണ് നടപടിയെടുക്കാന്‍ തടസ്സമെന്ന്പറഞ്ഞു് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണ്. കൈയ്യേറ്റം ഒഴിപ്പിക്കാതെ വേലി നിര്‍മിച്ചാല്‍ ഭാവിയില്‍ അതും പ്രശ്‌നമാവാനിടയുണ്ട്. ഇതൊന്നും നോക്കാതെയാണ് ഇപ്പോള്‍ കമ്പിവേലി നിര്‍മിച്ചുകൊണ്ടിരിക്കുന്നത.്
വേലി നിര്‍മിക്കുന്നത് ഡാമിനകത്തിറങ്ങി വെള്ളം കുടിക്കാന്‍ എത്തുന്ന വന്യമൃഗങ്ങള്‍ക്ക് തടസമുണ്ടാക്കുന്നു. രാത്രിസമയത്തു ആന, കരടി, മാനുകള്‍, പന്നികള്‍ തുടങ്ങിയവ ഡാമിനകത്തു നിന്നാണ് വെള്ളം കുടിക്കുന്നത്. ഇത്തവണ മഴയില്ലാത്തതിനാല്‍ കാടിനകത്തെ ഉറവകളെല്ലാം വറ്റി. നെല്ലിയാംപതിയുടെയും, പറമ്പികുളത്തിന്റെയും താഴ്‌വാരത്തായി സ്ഥിതി ചെയ്യുന്ന ചുള്ളിയാര്‍ ഡാമിലാണ് ഇവ വെള്ളം കുടിക്കാന്‍ എത്തുന്നത്. വേലി കെട്ടി വഴിയടച്ചതോടെ വന്യമൃഗങ്ങള്‍ സമീപത്തെ വീടുകളില്‍ വെള്ളവും, തീറ്റയും തേടി ചെല്ലുന്നതും പതിവാണ്. ഡാം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും കൈയ്യേറ്റം നടത്തിയ ഭൂമി മുഴുവന്‍ തിരിച്ചു പിടിച്ചതിനു ശേഷം പണികള്‍ നടത്തിയാല്‍ മതിയെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും ആവശ്യം. ഇപ്പോള്‍ കുറച്ചു ഭാഗത്തു മാത്രം വേലി കെട്ടി പണം അടിച്ചു മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിച്ചതിനു ശേഷം ഡാമുകള്‍ക്കു ചുറ്റും വേലി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എര്‍ത്ത് വാച്ച് പരിസ്ഥിതി സംഘടന സര്‍ക്കാരിനോട് ആവശ്യപെട്ടു. ഈകാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യവും ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."