നികുതി വെട്ടിക്കാന്‍ ശ്രമിച്ച കോഴിവണ്ടിയെ പിന്തുടര്ന്ന് പിടികൂടി
വണ്ടിത്താവളം: നികുതി വെട്ടിച്ച് കടത്തിയ ഇറച്ചിക്കോഴി വണ്ടി പിന്തുടര്ന്നെത്തിയ വാണിജ്യനികുതി വകുപ്പ് പ്രത്യേക സ്ക്വാഡ് വളഞ്ഞിട്ട് പിടികൂടി. കുറുകേ നിര്‍ത്തുന്നതിനിടയില്‍ നിയന്തണംവിട്ട ഇറച്ചിക്കോഴി വണ്ടി സ്ക്വാഡിന്റെ വാഹനത്തെ ഇടിച്ച് തകര്‍ത്തു. വാഹനത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം.
തമിഴ്നാട്ടില്‍ നിന്ന് നികുതി വെട്ടിച്ച് ഇറച്ചിക്കോഴിയുമായെത്തിയ പിക്കപ്പ് വാന്‍ വണ്ടിത്താവളം മീനാക്ഷിപുരം അന്തര്‍ സംസ്ഥാന പാതയില്‍ നന്ദിയോട് വച്ച് അധികൃതര്‍ പിന്തുടര്‍ന്നെത്തുകയും കുറുകെയിട്ട് പിടികൂടുകയായിരുന്നു. കന്നിമാരി ചെക് പോസ്റ്റും മറികടന്ന് തമിഴ്നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് കടത്തിയ കെ.എല്‍.49. എച്ച് 336 നമ്പര്‍ പിക്കപ്പ് വാന്‍ ആണ് അധികൃതര്‍ പിടികുടിയത്.
പിടികൂടുന്നതിനിടയില്‍ ഇറച്ചിക്കോഴി വണ്ടി നിയന്ത്രണംവിട്ട് ഇടിച്ച് പ്രത്യേക സ്ക്വാഡിന്റെ കെ.എല്‍. 1 ബി.ടി. 5257. ബോലാറോ വാഹനത്തിനാണ് കേടു പറ്റിയത്. തുടര്‍ന്ന് നാട്ടുകാര്‍ മീനാക്ഷിപുരം പൊലിസിനെ അറിയിക്കുകയായിരുന്നു. വൈകിയാണെങ്കിലും സംഭവസ്ഥലത്തെത്തിയ പൊലിസ് ഇറച്ചിക്കോഴി വാഹനം കസ്റ്റഡിയിലെടുത്തു.
ഡ്രൈവര്‍ കരിപ്പാലി സ്വദേശി അക്ബര്‍ അലിക്കെതിരെ 118 പ്രകാരം പൊതുജനങ്ങള്‍ക്ക് ഭീതി പരത്തി ജീവനു ഭീഷണിയാവുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് പൊലിസ് കേസെടുത്ത്. പിടികൂടിയ ഇറച്ചിക്കോഴി വണ്ടിക്ക് 72,500 രൂപ പിഴ ചുമത്തി.
സംഭവം അറിഞ്ഞ് മിനാക്ഷിപുരം സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരെയും, പിടികൂടിയ ഉദ്യോഗസ്ഥരേയും ഇറച്ചിക്കോഴിക്കടത്ത് മാഫിയ പൊലിസിന് മുന്നില്‍ വച്ച് ഭിഷണിപ്പെടുത്തുകയും, ഇരുചക്രവാഹനത്തിന്റെ കാറ്റൂരി വിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."