റേഷന്‍ വിതരണത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം: അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ എത്തി
കൊടുങ്ങല്ലൂര്‍: താലൂക്ക് പരിധിയിലെ മുഴുവന്‍ റേഷന്‍കടകളിലും അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ നവംബറിലേത് പൂര്‍ണതോതിലും ഡിസംബറിലേത് ഭാഗികമായും എത്തി. ഇതോടെ റേഷന്‍ വിതരണത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് പരിഹാരമായി. നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സമയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
നവംബര്‍ മാസത്തിലെ റേഷന്‍ വിതരണ ക്രമം താഴെ ചേര്‍ക്കുന്നു. എ.എ.വൈ കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 28 കിലോ അരി, ഏഴ് കിലോ ഗോതമ്പ് തികച്ചും സൗജന്യമായി വിതരണം ചെയ്യും. മുന്‍ഗണനാ വിഭാഗത്തിന് റേഷന്‍കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി, ഒരു കിലോ ഗോതമ്പ്, എന്നിവ സൗജന്യമായി വിതരണം ചെയ്യും.
മുന്‍ഗണനേതര വിഭാഗം (സബ്‌സിഡി) റേഷന്‍കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി രണ്ട് രൂപ നിരക്കില്‍ ലഭിക്കും. സബ്‌സിഡിയില്ലാത്തവര്‍ക്ക് കാര്‍ഡ് ഒന്നിന് ഒരു കിലോ അരി 8.90 രൂപ നിരക്കിലും, ഒരു കിലോ ഗോതമ്പ് 6.70 രൂപക്കും ലഭ്യമാകും. ഡിസംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങളുടെ ആദ്യ ക്വാട്ടയും വിതരണം ആരംഭിച്ചിട്ടുണ്ട്.
എ.എ.വൈ. വിഭാഗത്തിന് കാര്‍ഡിന് 14 കിലോ അരിയും, മുന്‍ഗണനാ വിഭാഗത്തിന് കാര്‍ഡിലെ ഒരംഗത്തിന് രണ്ട് കിലോ അരിയും വീതം ഇപ്പോള്‍ ലഭിക്കും. ഡിസംബര്‍ മാസത്തിലെ ബാക്കി വിഹിതം സ്‌റ്റോക്ക് ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. റേഷന്‍ വിതരണം, ഗുണനിലവാരം, വില എന്നിവയെ സംബന്ധിച്ചുള്ള പരാതികള്‍ 0480 2802374 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്‍. ബിന്ദു അറിയിച്ചു. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കുള്ള നാല് ലിറ്റര്‍ മണ്ണെണ്ണ ഡിസംബര്‍ മാസത്തില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."