വീടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കാരുണ്യവുമായി സഹപാഠികള്‍
പുതുക്കാട്: സഹപാഠികള്‍ സ്നേഹവും കാരുണ്യവും അളവില്ലാതെ ചൊരിഞ്ഞപ്പോള്‍ വീടില്ലാത്ത രണ്ടു ഹൈസ്കൂള്‍ കുട്ടികള്‍ക്ക് സ്വന്തമായി കയറി കിടക്കാന്‍ ഓരോ വീടായി. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളാണ് സഹപാഠികള്‍ക്ക് വീടൊരുക്കുന്നത്. സമഗ്രത 2016 സമഗ്ര വികസനം പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സ്കൂള്‍ പി.ടി.എ വിദ്യാര്‍ഥികളുടെ പൂര്‍ണ സഹകരണത്തോടെ സഹപാഠി ഭവന പദ്ധതി നടപ്പാക്കിയത്.
തങ്ങള്‍ക്കിടയിലെ ഏറ്റവും പാവപ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്തി വീട് നിര്‍മിക്കാന്‍ സഹായിക്കുകയായിരുന്നു ലക്ഷ്യം. കുട്ടികള്‍ തന്നെ സര്‍വേ നടത്തി തെക്കേ തൊറവ് മുട്ടിപ്പാലത്തു നിന്നും വരുന്ന എട്ടാം ക്ലാസുകാരി നവീന വിജയനെയും പത്താം ക്ലാസുകാരി ഗോകുല്‍ മനോജിനെയും തെരഞ്ഞെടുത്തു. ചുമര് പൊക്കം വരെ എത്തിയതിനു ശേഷം പണമില്ലാത്തതിനാല്‍ എട്ടു വര്‍ഷത്തോളമായി ഇരുവരുടെയും വീട് പണി നിലച്ചു കിടക്കുകയായിരുന്നു. കൂലി പണിക്കാരാണ് നവീനയുടെ അച്ഛന് വിജയനും, ഗോകുലിന്റെ അച്ഛന് മനോജും. തികച്ചും നിസ്സഹായാവസ്ഥയിലായ ഇവരെ സഹായിക്കാന്‍ തന്നെ പി.ടി.എയുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. ആദ്യം കഴിഞ്ഞ ഓണത്തിന് ഫുഡ് ഫെസ്റ്റിവല്‍ നടത്തി ലാഭമായി കിട്ടിയ 38,000 രൂപ വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡുവായി. തുടര്‍ന്ന്, മാതാപിതാക്കളുടെയും, അധ്യാപകരുടെയും മറ്റു സുമനസ്സുകളുടെയും സഹായം ഒഴുകി എത്തി.
ഈ ക്രിസ്മസ് എത്തുന്നതിനു മുമ്പ് തങ്ങളുടെ സഹപാഠികളെ അവരുടെ സ്വന്തം വീടുകളില്‍ താമസിപ്പിക്കുക എന്ന ലക്ഷ്യം അതോടെ കുട്ടികള്‍ക്ക് പ്രാപ്യമായി. മൂന്നേകാല്‍ ലക്ഷം രൂപ വീതം ചെലവിട്ടാണ് 650 ചതുരശ്ര മീറ്റര്‍ വീതം വിസ്തീര്‍ണമുള്ള രണ്ടു വീടുകള്‍ സഹപാഠി ഭവന പദ്ധതി പ്രകാരം പണി തീര്‍ത്തത്.
നവീനയും, ഗോകുലും ബുധനാഴ്ച്ച സ്കൂളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടിലില്‍ നിന്നും വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."