കൊണ്ടാഴി പഞ്ചായത്ത്: ഇടത് അവിശ്വാസപ്രമേയം പരാജയപ്പെട്ടു
ചെറുതുരുത്തി: ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ആര്.ശ്രീദേവിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 15 അംഗ ഭരണസമിതിയിലെ ഏഴ് യു.ഡി.എഫ് അംഗങ്ങളും, ഏക ബി.ജെ.പി അംഗവും യോഗത്തിന് എത്തിയില്ല. ഇതോടെ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ കഴിയാതെ പോവുകയായിരുന്നു.
15 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് 7, ഇടത് മുന്നണി 7, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റിനേയും, വൈസ് പ്രസിഡന്റിനേയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. പ്രസിഡന്റായി കോണ്‍ഗ്രസിലെ ആര്.ശ്രീദേവിയും, വൈസ് പ്രസിഡന്റായി ഇടത് മുന്നണിയിലെ സി.പി.ഐ അംഗം പി.ആര് വിശ്വനാഥനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റും, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി.ആര് പ്രകാശനും തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടത് മുന്നണി അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രശ്നത്തില്‍ ഇടപെടുകയും ആഭ്യന്തര കലാപം പറഞ്ഞ് തീര്‍ക്കുകയും ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് മെമ്പര്‍മാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു. ബി.ജെ.പി അംഗമായ കെ.സന്തോഷിനും പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. അവിശ്വാസത്തെ അതിജീവിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് കൊണ്ടാഴിയില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി.എം മണികണ്ഠന്, സുലൈമാന്‍, ശിവന് വീട്ടിക്കുന്ന്, ആര്.ശ്രീദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."