ദുരന്തനിവാരണ അതോറിറ്റിയും, ദുരന്തലഘൂകരണ പദ്ധതികളും
ആധുനിക കാലഘട്ടത്തില്‍ വളരെയധികം പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന ദുരന്ത നിവാരണ അതോറിട്ടി 2007ലാണ് സംസ്ഥാനത്ത് രൂപീകരിച്ചത്. റവന്യൂ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അതോറിട്ടിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണ്. റവന്യൂ സെക്രട്ടറിക്കാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തന നിയന്ത്രണാധികാരം. ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറിയാണ് ശേഖര്‍ എല്‍. കുര്യാക്കോസ്. ഇവര്‍ക്കൊപ്പം വിവിധ വകുപ്പുസെക്രട്ടറിമാരുടെ കമ്മിറ്റിയുമുണ്ട്.
സംസ്ഥാനത്തുള്ള എല്ലാ നിയമങ്ങള്‍ക്കും മുകളിലാണ് ദുരന്ത നിവാരണ അതോറിട്ടി നിയമം. 2012നു ശേഷം ലോകനിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരെ അതോറിട്ടിയിലേക്ക് കൊണ്ടുവന്നു. അന്ന് അഡിഷണല്‍ പ്രിസിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ നേതൃത്വത്തിലാണ് അന്തര്‍ദേശീയ തലത്തില്‍ പ്രഗല്‍ഭരായ 20 രാജ്യങ്ങളിലെ വിദഗ്ധരെ (ക്യൂബയില്‍ നിന്നു പോലും) എത്തിച്ചത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍, അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയിലായിരിക്കണമെന്ന് ആലോചിച്ചു.
തുടക്കം ഇങ്ങനെ
തിരുവനന്തപുരം പ്രഖ്യാപനമെന്ന പേരില്‍ ഇന്ത്യയിലാദ്യമായി ദുരന്ത ലഘൂകരണ പ്രവര്‍ത്തനത്തിന് ഉതകുന്ന രീതിയില്‍ ഒരു ചട്ടക്കൂട് രൂപീകരിച്ചു. ഇതിലൂടെയാണ് അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടത്. ഇന്ന്, രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ദുരന്ത നിവാരണ അതോറിട്ടിയാണ് കേരളത്തിലേത്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാന ദുരന്തലഘൂകരണ പദ്ധതിരേഖ സമ്പൂര്‍ണമായി തയ്യാറാക്കി. പുറം കരാറുകളില്ലാതെ പദ്ധതിരേഖ തയ്യാറാക്കി, കേന്ദ്ര ദരുന്ത നിവാരണ അതോറിട്ടിയുടെ അംഗീകാരം നേടിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തന ഫലമായാണ്. മാറിവന്ന സര്‍ക്കാള്‍ സ്വജനപക്ഷപാതമോ രാഷ്ട്രീയലക്ഷ്യമോ ഇല്ലാതെ അതോറിട്ടിയെ ശാക്തീകരിക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തില്‍ നടപ്പാക്കണമെന്നതാണ് പദ്ധതിരേഖയില്‍ വിവരിക്കുന്നത്.
ദുരന്ത നിരീക്ഷണ സംവിധാനങ്ങള്‍
പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടിയറിയാന്‍ ഏഴു വിവിധതരം നിരീക്ഷണ സംവിധാനങ്ങളാണ് അതോറിട്ടിക്കുള്ളത്. അന്താരാഷ്ട്രാ നിലവാരത്തില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണിവ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികളും മാനദണ്ഡങ്ങള്‍ക്കു തയ്യാറാക്കിയിട്ടുണ്ട്. ഭൂകമ്പങ്ങളെ മുന്‍കൂട്ടി അറിയാനുള്ള സീസ്മിക് മോണിറ്ററിങ് സിസ്റ്റം, കടല്‍ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള കോസ്റ്റല്‍ ഹസാര്‍ഡ് മോണിറ്ററിങ് സിസ്റ്റം, വരള്‍ച്ച മുന്‍കൂട്ടി മനസ്സിലാക്കി തടയാനുള്ള പദ്ധതികള്‍(മഴപ്പൊലിമ, ചെക്കുഡാമുകള്‍ കെട്ടല്‍, ജലവര്‍ഷിണി പദ്ധതി, വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കല്‍) മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രൗഡ്മാനേജ്‌മെന്റ് പ്ലാന്‍, മുല്ലപ്പെരിയാര്‍ ദുരന്തലഘൂകരണ പ്ലാന്‍, ഫയര്‍ഫോഴ്‌സിനെ സഹായിക്കല്‍, ഭിന്നശേഷിക്കാരെ ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാപ്തരാക്കാനുള്ള പദ്ധതി, സോയില്‍ പൈപ്പിങ് റിസര്‍ച്ച്, ഫഌഡ് മിറ്റിഗേഷന്‍ പദ്ധതി(ഓപ്പറേഷന്‍ അനന്ത) ദേശീയ ചുഴലിക്കാറ്റ് ദുരന്ത നിവാരണ പദ്ധതി, ദുരന്ത നിവാരണ പരിശീലനം-വിവര ശേഖരണ സംവിധാനം, കമ്യൂണിക്കേഷന്‍ സിസ്റ്റം, ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ സഹായം, വി.എച്ച്.പി. റേഡിയോ നെറ്റ് വര്‍ക്ക് സിസ്റ്റം എന്നീ സംവിധാനങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്കുള്ളത്. ഈ സംവിധാനങ്ങള്‍ക്കും പദ്ധതികള്‍ക്കുമെല്ലാം കൃത്യമായ ലക്ഷ്യവും, പ്രവര്‍ത്തന മാനദണ്ഡങ്ങളുമുണ്ട്. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും, ദുരന്തങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാനും, അഭയം ഒരുക്കാനും, ദുരന്ത ലഘൂകരണം നടത്താനും അതോറിട്ടിക്ക് സ്വാതന്ത്ര്യമുണ്ട്.
2012നു ശേഷം സംസ്ഥാനത്തുണ്ടായിട്ടുള്ള മിക്ക ദുരന്തങ്ങളിലും ആദ്യം പ്രതികരിച്ചിട്ടുള്ളതും, അതോറിട്ടിയാണ്. വരള്‍ച്ചാക്കാലത്ത് കുടിവെള്ളമെത്തിക്കാന്‍ ജലവിഭവ വകുപ്പിനു നിര്‍ദേശം നല്‍കല്‍ മുതല്‍ കുടിവെള്ളം റേഷനായി നല്‍കുന്നതിനുള്ള നിര്‍ദേശം വരെ ഇതില്‍പ്പെടും. സംസ്ഥാനം വരള്‍ച്ചാ ബാധിതമെന്ന പ്രഖ്യാപനം നടത്താന്‍ ദുരന്ത നിവാരണ അതോറിട്ടിയുടെ റിപ്പോര്‍ട്ട് വേണം. 17 തരം പ്രകൃതി ദുരന്തങ്ങളും, 22 തരം മനുഷ്യ ജന്യദുരന്തങ്ങളുമാണ് അതോറിട്ടിയുടെ പട്ടികയിലുള്ളത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നറിവ് ലഭ്യമാണ്. എന്നാല്‍, മനുഷ്യ ജന്യദുരന്തങ്ങള്‍ക്ക് മുന്നറിവ് ലഭ്യമല്ല. അതിനാല്‍, ഏതൊരു സാഹചര്യത്തിലും പ്രതികരിക്കാനുതകുന്ന തരത്തില്‍ സാമൂഹികാധിഷ്ഠിതമായ ദുരന്ത ലഘൂകരണ പ്രവര്‍ത്തനമാണ് ഭാവിയുടെ ആവശ്യകത. ഇതുള്‍ക്കൊണ്ടാണ് സംസ്ഥാന ദുരന്ത ലഘൂകരണ പദ്ധതി 2016ല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള രൂപരേഖയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനകള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സേനയുടെ ലക്ഷ്യങ്ങള്‍
ലോക രാജ്യങ്ങള്‍ 2015 ഓഗസ്റ്റില്‍ ജപ്പാനിലെ സെന്‍ഡായ് നഗരത്തില്‍ 2030നുള്ളില്‍ ദുരന്ത ലഘൂകരണത്തിന് ലോകത്തെ എല്ലാ രാജ്യങ്ങളും സ്വീകരിക്കേണ്ടുന്ന നടപടികളെ കുറിച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മുന്നറിവ് സാധ്യമായ ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുവാനുള്ള സംവിധാനങ്ങളുടെ തയ്യാറാക്കലും, ഇവയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണത്തിനുള്ള പ്രതികരണം ഉറപ്പു വരുത്തേണ്ടതും. ഈ രീതിയില്‍ 2030ഓടു കൂടി ലോകത്തിലാകെത്തന്നെ ദുരന്തങ്ങളുടെ ആഘാതത്തില്‍ നിന്നും ഉണ്ടാകുന്ന മരണങ്ങള്‍ 50 ശതമാനമെങ്കിലും കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ വിലിരുത്തല്‍. എല്ലാ ജില്ലകള്‍ക്കും ഭൂപ്രകൃതി അനുസരിച്ച് ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തങ്ങള്‍ അതിരൂക്ഷമാകുന്ന താലൂക്ക്, വില്ലേജ്, പഞ്ചായത്ത് എന്നിങ്ങനെ തിരിച്ച് മാപ്പിങ് നടത്തിയിട്ടുണ്ട്. ദുരന്തങ്ങളില്‍ പ്രതികരിക്കാനുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ട്രൂപ്പിനെ കേരളത്തില്‍ സ്ഥിരമായി നിയമിച്ചു. കടലില്‍ കാണാതാകുന്നവരെ കണ്ടെത്താനുള്ള ആധുനിക സംവിധാനമായ ശരത് സോഫ്റ്റ്് വെയര്‍ ഐ.എസ്.ആര്‍.ഒയില്‍ നിന്നും നേടി. ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ ക്രൗഡ് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കി. ഓരോ പ്രകൃതി ദുരന്തങ്ങളും മുന്‍കൂട്ടി മനസ്സിലാക്കി താഴേ തലങ്ങളില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍, കാലാവസ്ഥ, ഭൗമ, സെസ്, ജിയോളജി തുടങ്ങിയ വകുപ്പുമായി സംയോജിപ്പിച്ച് ദുരന്തങ്ങളെ വിലയിരുത്തി, വിവരങ്ങള്‍ കൈമാറുന്നു. സാധാരണ മനുഷ്യന് പ്രകൃതി ദുരന്തവും, മനുഷ്യ നിര്‍മിത ദുരന്തവും ഒരുപോലെയാണ്. ഇങ്ങനെയുണ്ടാകുന്ന ദുരന്തങ്ങളില്‍ സാധാരണക്കാര്‍ക്ക് സുരക്ഷയൊരുക്കുകയെന്നത് സര്‍ക്കാരിന്റെയും ദുരന്ത നിവാരണ വകുപ്പിന്റെയും കടമയാണ്. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായും കൃത്യമായും നടപ്പാക്കി വരുമ്പോള്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളെ പ്രതിരോധിക്കാനും കൂടി ജനങ്ങള്‍ തയ്യാറാകണം.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."