38 വര്‍ഷം മുന്‍പ് നിരോധിച്ച 10000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി പ്രവാസി യുവാവ്
റിയാദ്: 38 വര്‍ഷം മുമ്പ് ജനതാ സര്‍ക്കാര്‍ അസാധുവാക്കിയ 10,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി ഇന്ത്യന്‍ പ്രവാസി ശ്രദ്ധേയനാകുന്നു. ദുബായില്‍ പ്രവാസി ജീവിതം നയിക്കുന്ന രാം കുമാറാണ് 1978ല്‍ നിര്‍ത്തലാക്കിയ പതിനായിരത്തിന്റെ നോട്ട് കണ്ടെത്തി ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നത്.
റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം അന്ന് നോട്ടുകള്‍ റദ്ദാക്കുന്ന സമയത്ത് 10,000 രൂപയുടെ 346 നോട്ടുകള്‍ മാത്രമാണ് പ്രചാരത്തിലുണ്ടായിരുന്നത്. അതില്‍ തന്നെ പത്തില്‍ താഴെ നോട്ടുകള്‍ മാത്രമെ ഇന്ന് നിലവിലുള്ളൂ. അതിലൊന്നാണ് 2015ല്‍ രാംകുമാറിന് ലഭിച്ചത്. ദീര്‍ഘനാളത്തെ അന്വേഷണത്തിനു ശേഷമാണ് കറന്‍സി നോട്ടുകള്‍ ശേഖരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും രാംകുമാര്‍ ഇത് സ്വന്തമാക്കിയത്. യുഎഇയിലും മധ്യപൂര്‍വ്വ ഏഷ്യയിലുമായി ആകെ അവശേഷിക്കുന്ന നോട്ടാണ് രാംകുമാറിന്റെ കൈവശമുള്ളത്.
രാംകുമാര്‍ സ്ഥാപിച്ച നുമിസ്ബിങ് എന്ന കമ്പനിയില്‍ ഈ നോട്ട് പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. 10,000ത്തിന്റെ പഴയ നോട്ടിനു പുറമെ അക്കാലത്തു നിര്‍ത്തലാക്കിയ 1000ത്തിന്റെ നോട്ടും രാംകുമാറിന്റെ പക്കലുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി രാംകുമാറിന് ഇന്ത്യന്‍ നോട്ടുകള്‍ ശേഖരിച്ചുവയ്ക്കുന്ന പതിവുണ്ട്. ലേലങ്ങളിലൂടെ പ്രധാനമായും നോട്ടുകള്‍ ശേഖരിക്കുന്ന രാം കുമാര്‍ നാണയ ശാസ്ത്രജ്ഞന് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."